

കർണാടകത്തിൽ അജ്ഞാതർ വനത്തിന് തീയിട്ടു
മൈസൂരു: കർണാടകത്തിലെ ചാമരാജനഗർ ജില്ലയിലെ ഷിലുബെപുര വനമേഖലയിൽ അജ്ഞാതർ തീയിട്ടതിനെ തുടർന്ന് ഏകദേശം 10 ഏക്കർ വനം കത്തിനശിച്ചു. ഓഗസ്റ്റ് 15ന് ചാമരാജനഗറിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മൂന്ന് നായാട്ടുകാർ കൊല്ലപ്പെട്ടതിന്‍റെ പ്രതികാരമായാണ് തീ വച്ചതെന്നാണ് അധികൃതരുടെ സംശയം.
ഏതാനും ദിവസങ്ങൾക്ക് മുൻപ് വനത്തിലെ ആന്‍റി പോച്ചിങ് ക്യാമ്പുകൾ തകർത്തതിനു പിന്നാലെയാണ് പുതിയ സംഭവം. ജാഗേരിക്ക് സമീപമുള്ള ആന്‍റി പോച്ചിങ് ക്യാമ്പുകളാണ് തകർത്തത്. നായാട്ടുകാർ കൊല്ലപ്പെട്ടതിനെ തുടർന്ന് വനവകുപ്പിനെതിരേ പ്രതിഷേധം തുടരുന്നതിനിടെയാണ് ക്യാമ്പുകൾ ആക്രമിക്കപ്പെട്ടത്. സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് അജ്ഞാതർ ക്യാമ്പുകൾ തകർത്തത്.
കോത്തനൂർ മേഖലയിലെ മിഞ്ചിനരേഹള്ള ക്യാമ്പ് ഡൈനാമൈറ്റും ജെലാറ്റിൻ സ്റ്റിക്കുകളും ഉപയോഗിച്ച് തകർത്തതായാണ് റിപ്പോർട്ട്. സ്ഫോടനത്തിന്‍റെ ശക്തിയിൽ ക്യാമ്പിന്‍റെ ചുമരുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും അകത്തുണ്ടായിരുന്ന വസ്തുക്കൾ കത്തിനശിക്കുകയും ചെയ്തു.
കോത്തനൂർ മേഖലയിലെ മിഞ്ചിനഹള്ളി, ഭീമേശ്വരി, ഒല്ലേമരദ ഹട്ടി, ബുഡികെരെ, ബന്ദഹള്ളി, കാലിദൊഡ്ഡി തുടങ്ങിയ മറ്റ് ക്യാമ്പുകളും ഓഗസ്റ്റ് 18, 19 തീയതികളിൽ രാത്രിയിൽ ആക്രമിക്കപ്പെട്ടതായി അധികൃതർ അറിയിച്ചു. സംഭവങ്ങളിൽ ആർക്കും പരുക്കേറ്റിട്ടില്ല.
നായാട്ടുകാർ കൊല്ലപ്പെട്ട വിഷയത്തിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ പ്രതികരിക്കൂവെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ചാമരാജനഗർ ജില്ലയിലെ ഹാനൂർ താലൂക്കിലെ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള ആന്‍റണി സാമി, ജോൺ റോസ് പീറ്റർ, കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 15ന് പുലർച്ചെ കാവേരി വന്യജീവി സങ്കേത മേഖലയിൽ വനവകുപ്പ് ഉദ്യോഗസ്ഥരുടെ വെടിവയ്പ്പിലാണ് ഇവർ മരിച്ചത്.
സംഭവം അയൽ സംസ്ഥാനമായ തമിഴ്നാട്ടിലും രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ടവർ തമിഴരാണെന്ന് രാഷ്ട്രീയ പാർട്ടികൾ ആരോപിക്കുകയും കർണാടക അധികൃതരുടെ വെടിവയ്പ്പിനെ ചോദ്യം ചെയ്യുകയും ചെയ്തു. സംഭവത്തെ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ശക്തമായി അപലപിച്ചിരുന്നു. കർണാടക വനംവകുപ്പ് നൽകിയ വിശദീകരണം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.