ഭീകരവാദ ഗൂഢാലോചന കേസ്; ഇന്ത്യയിൽ അറസ്റ്റിലായ മുൻ അമെരിക്കൻ കൂലിപ്പട്ടാളക്കാരന് ജാമ്യം

ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലും തുല്യ തുകയ്ക്കുള്ള ആൾജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്

Matthew Aaron VanDyke

മാത്യു ആരൺ വാൻഡൈക്ക്

Updated on

ന്യൂഡൽഹി: ഭീകരവാദ ഗൂഢാലോചന കേസിൽ അറസ്റ്റിലായ യുഎസ് പൗരൻ മാത്യു ആരൺ വാൻഡൈക്കിന് ഡൽഹി കോടതി ജാമ്യം അനുവദിച്ചു. സ്പെഷൽ ജഡ്ജി പ്രശാന്ത് ശർമയാണ് ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലും തുല്യ തുകയ്ക്കുള്ള ആൾജാമ്യത്തിലുമാണ് വെള്ളിയാഴ്ച ജാമ്യം അനുവദിച്ചത്. വാൻഡൈക്ക് ഡൽഹി വിട്ടുപോകരുതെന്നും കോടതി നിർദേശിച്ചു.

വാൻ ഡൈക്കിന്‍റെ ജാമ്യാപേക്ഷയിൽ കോടതി വ്യാഴാഴ്ച എൻഐഎയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ഈ മാസം ആദ്യം വാൻഡൈക്കും ആറ് യുക്രെയ്ൻ പൗരന്മാർക്കുമെതിരേ ഇന്ത്യയിലേക്കുള്ള അനധികൃത പ്രവേശനം, താമസം, സഞ്ചാരം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമമായ യുഎപിഎയിലെ വകുപ്പുകൾ കുറ്റപത്രത്തിൽ ചുമത്തിയിരുന്നില്ല.

സാധുവായ പാസ്‌പോർട്ടോ മറ്റ് യാത്രാരേഖകളോ ഇല്ലാതെ ഇന്ത്യയിൽ പ്രവേശിക്കുന്നതിനുള്ള ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്റ്റിലെ 21-ാം വകുപ്പും 23-ാം വകുപ്പും പ്രകാരമാണ് ഏഴ് പേർക്കുമെതിരേ കേസെടുത്തത്. യുഎപിഎ പ്രകാരമുള്ള കുറ്റകൃത്യങ്ങളുടെ വസ്തുതകൾ കണ്ടെത്താനും പരിശോധിക്കാനും കൂടുതൽ സമയം ആവശ്യമാണെന്നും എൻഐഎ കോടതിയെ അറിയിച്ചിരുന്നു.

ഇന്ത്യയിലെയും മ്യാൻമറിലെയും വംശീയ സായുധ സംഘങ്ങൾക്ക് പരിശീലനം നൽകുന്ന ഭീകരവാദ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് എൻഐഎ പ്രതികളെ അറസ്റ്റ് ചെയ്തത്. 2026 മാർച്ചിൽ കോൽക്കത്ത, ഡൽഹി, ലഖ്നൗ എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.

ഡോക്യുമെന്‍ററി സംവിധായകനും സുരക്ഷാ വിദഗ്ധനും കൂലിപ്പട്ടാളക്കാരനുമായാണ് മാത്യു വാൻഡൈക്ക് സ്വയം വിശേഷിപ്പിക്കുന്നത്. 2011ലെ ലിബിയൻ ആഭ്യന്തരയുദ്ധം, ഇറാഖിൽ ഐഎസിനെതിരായ പോരാട്ടം തുടങ്ങിയവയിൽ വാൻഡൈക്ക് പങ്കെടുത്തിട്ടുണ്ട്. ‘സൺസ് ഓഫ് ലിബർട്ടി ഇന്‍റർനാഷണൽ’ എന്ന പേരിലുള്ള സ്വകാര്യ സൈനിക സ്ഥാപനവും (കൂലിപ്പട്ടാളം) അദ്ദേഹം നടത്തിയിരുന്നു.

logo
Metro Vaartha
www.metrovaartha.com