
ഓപ്പറേഷന്‍ മഹാദേവില്‍ വധിച്ച ഭീകരർ ലഷ്‌കറെ തൊയ്ബയുടെ പ്രവർത്തകർ: ഇന്ത്യൻ സുരക്ഷാസേന
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ദച്ചിഗാമില്‍ ഓപ്പറേഷന്‍ മഹാദേവില്‍ വധിച്ച മൂന്ന് പഹല്‍ഗാം ഭീകരരും പാകിസ്താന്‍ പൗരന്മാരും ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബയുടെ പ്രവർത്തകരാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യൻ സുരക്ഷാസേനയ്ക്ക് ലഭിച്ചതായി റിപ്പോർട്ട്.
പഹൽഗാം ആക്രമണം നടന്ന ദിവസം മുതൽ ഭീകരർ ദച്ചിഗാം - ഹർവാൻ വനമേഖലയിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. വെടിവയ്പ്പ് സംഘത്തിൽ കശ്മീരിൽ നിന്നുളള ആരും തന്നെ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സുലൈമാന്‍ ഷാ എന്ന ഫൈസല്‍ ജാട്ട്, അബു ഹംസ എന്ന 'അഫ്ഗാന്‍', യാസിര്‍ എന്ന 'ജിബ്രാന്‍' എന്നീ മൂന്ന് ഭീകരരെയാണ് ജൂലായ് 28-ന് ഓപ്പറേഷന്‍ മഹാദേവിലൂടെ സുരക്ഷാസേന വധിച്ചത്.
ഭീകരരുടെ മൃതദേഹങ്ങളില്‍ നിന്ന് വോട്ടര്‍ ഐഡി കാര്‍ഡുകളും സ്മാര്‍ട്ട് ഐഡി ചിപ്പുകളും ഉള്‍പ്പെടെയുള്ള പാകിസ്താന്‍ സര്‍ക്കാര്‍ രേഖകളും കണ്ടെടുത്തു. ഇത് പാകിസ്താനുമായുള്ള ഇവരുടെ ബന്ധം ഉറപ്പിക്കുന്നതാണെന്ന് സുരക്ഷാസേന പറഞ്ഞു.