

ഡൽഹിയിൽ സ്ഫോടനമുണ്ടായ പ്രദേശം.
ന്യൂഡൽഹി: ഇന്ത്യയുടെ തലസ്ഥാനത്തെ ചെങ്കോട്ടയ്ക്കു സമീപം നടന്ന സ്ഫോടനത്തിനു പിന്നിൽ പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിന്‍റെ (JeM) വൻ ഗൂഢാലോചനയെന്ന് അന്വേഷണ ഏജൻസികൾ. ബാബറി മസ്ജിദ് തകർത്തതിന്‍റെ വാർഷികമായ ഡിസംബർ ആറിന് ഡൽഹി ഉൾപ്പെടെ ആറ് പ്രധാന ഇന്ത്യൻ നഗരങ്ങളിൽ ഒരേസമയം സ്ഫോടന പരമ്പര നടത്താനാണ് ഭീകരർ പദ്ധതിയിട്ടിരുന്നതെന്നും, ചെങ്കോട്ട സ്ഫോടനം ഇതിന്‍റെ 'ട്രയൽ റൺ' മാത്രമായിരുന്നുവെന്നും സൂചന.
ബാബറി മസ്ജിദ് തകർത്തതിനു പ്രതികാരം ചെയ്യുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ജയ്ഷ്-ഇ-മുഹമ്മദ് ഈ വലിയ ആക്രമണത്തിനു പദ്ധതിയിട്ടതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. ഡൽഹിക്കു പുറമെ, മറ്റ് അഞ്ച് പ്രധാന നഗരങ്ങളിലെ തിരക്കേറിയ സ്ഥലങ്ങൾ, വിപണന കേന്ദ്രങ്ങൾ, അല്ലെങ്കിൽ സുപ്രധാന കെട്ടിടങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ഈ ടെററിസ്റ്റ് മൊഡ്യൂൾ പ്രവർത്തിച്ചത്.
ഇന്ത്യയിലെ സ്ലീപ്പർ സെല്ലുകൾ വഴി ആക്രമണം നടത്തി സുരക്ഷാ സംവിധാനങ്ങളുടെ പ്രതികരണ സമയം വിലയിരുത്തുകയായിരുന്നു ചെങ്കോട്ടയിലെ സ്ഫോടനത്തിലൂടെ ഭീകരർ ലക്ഷ്യമിട്ടതെന്നും സൂചന. സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണ് ഡിസംബർ ആറ് ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയെക്കുറിച്ച് നിർണായക വിവരങ്ങൾ പുറത്തുവന്നത്.
പിടിയിലായ പ്രതികൾക്ക് പാക്കിസ്ഥാൻ കേന്ദ്രമായുള്ള ജയ്ഷ്-ഇ-മുഹമ്മദുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് സൂചന. വിദേശത്ത് നിന്ന് ഇന്‍റർനെറ്റ് കോളിങ് സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇവർക്ക് നിർദേശങ്ങൾ ലഭിച്ചിരുന്നത്.
ചെങ്കോട്ട സ്ഫോടനത്തിനുപയോഗിച്ച സ്ഫോടകവസ്തുക്കൾ ശേഖരിച്ചതുമായി ബന്ധപ്പെട്ട് ഡൽഹി-എൻസിആർ മേഖലയിലെ പലയിടത്തും പൊലീസ് റെയ്ഡുകൾ നടത്തിവരികയാണ്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്ന ഈ ഭീകര ശൃംഖലയെ പൂർണമായി തകർക്കുന്നതിനായുള്ള തീവ്ര തെരച്ചിലാണ് നിലവിൽ നടന്നുവരുന്നത്.
ഓഗസ്റ്റ് 15ന് ആക്രമണം നടത്താനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും, സാമഗ്രികൾ കൈകാര്യം ചെയ്യുന്നതിലുള്ള കാലതാമസം കാരണം സമയപരിധി ഡിസംബർ 6 ലേക്ക് നീട്ടിയതായി അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു.
നവംബർ 25ന് അയോധ്യയിൽ പ്രധാനമന്ത്രിയുടെ 'ധ്വജം ഉയർത്തൽ' വേളയിൽ ഒരു സമാന്തര ആക്രമണം കൂടി മൊഡ്യൂൾ പദ്ധതിയിട്ടിരുന്നോ എന്നും അധികൃതർ പരിശോധിക്കുന്നുണ്ട്.