വീണ്ടും മോദിയെ പുകഴ്ത്തി തരൂർ; കോൺഗ്രസിന്‍റെ യോഗത്തിൽ പങ്കെടുത്തില്ല, ഭിന്നത രൂക്ഷം

അടുത്തിടെ, കുടുംബരാഷ്‌ട്രീയത്തിനെതിരേ തരൂർ എഴുതിയ ലേഖനം കോൺഗ്രസിൽ വലിയ കോളിളക്കമാണു സൃഷ്ടിച്ചത്.
shashi tharoor responded in bihar election result

ശശി തരൂർ എംപി

Updated on

ന്യൂഡൽഹി: ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ് സംഘടിപ്പിച്ച ആറാം രാംനാഥ് ഗോയങ്ക പ്രഭാഷണ പരമ്പരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെ പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. സാമ്പത്തിക വീക്ഷണമുള്ളതും രാജ്യത്തിന്‍റെ പുരോഗതിക്കു വേണ്ടി വിശ്രമമില്ലാതെ പ്രവർത്തിക്കാൻ സാംസ്കാരിക ആഹ്വാനം നടത്തുന്നതുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രസംഗമെന്നു തരൂർ സമൂഹമാധ്യമത്തിൽ കുറിച്ചു.

""പൈതൃകം, ഭാഷകൾ, വിജ്ഞാന സമ്പ്രദായം എന്നിവയിൽ രാജ്യത്തിന്‍റെ അഭിമാനം പുനഃസ്ഥാപിക്കാനുള്ള 10 വർഷത്തെ ദേശീയ ദൗത്യത്തിനു വേണ്ടിയാണു മോദി അഭ്യർഥിച്ചത്. ഇന്ത്യൻ ദേശീയതയ്ക്കു വേണ്ടി ശബ്ദമുയർത്താനാണ് ഗോയങ്ക ഇംഗ്ലിഷ് ഉപയോഗിച്ചതെന്നും മോദി പറഞ്ഞു. വികസനത്തിനും കൊളോണിയലിസത്തിന് ശേഷമുള്ള മാനസികാവസ്ഥയില്‍ നിന്ന് മുന്നോട്ടുപോകാനുമാണു മോദി വാദിച്ചത്''- തരൂർ എക്സിൽ കുറിച്ചു.

ജലദോഷവും കടുത്ത ചുമയും മൂലം അവശനായിരുന്നിട്ടും സദസ്യരിൽ ഒരാളായി പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും തരൂർ. മക്കാളെയുടെ വിദ്യാഭ്യാസ മാതൃക സൃഷ്ടിച്ച അടിമത്ത മനോഭാവത്തിൽ നിന്നു പുറത്തുവരേണ്ടതുണ്ടെന്നും മോദി പറഞ്ഞിരുന്നു. ബിജെപി നേതാവ് എൽ.കെ. അഡ്വാനിയെ തരൂർ പ്രശംസിച്ചത് കോൺഗ്രസിൽ കടുത്ത അസംതൃപ്തിക്കിടയാക്കി ദിവസങ്ങൾക്കുള്ളിലാണു പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്നത്. തരൂർ ഇതാദ്യമല്ല മോദിയെ പിന്തുണയ്ക്കുന്നതും കോൺഗ്രസിന് തലവേദനയുണ്ടാക്കുന്നതും. ഹൈക്കമാൻഡുമായി അകൽച്ചയിലുള്ള തരൂരിന് സമീപകാലത്ത് പാർലമെന്‍റിൽ അടക്കം സംസാരിക്കാൻ കോൺഗ്രസ് നേതൃത്വം അവസരം നൽകാറില്ല. ഇതിനിടെ, പഹൽഗാം ഭീകരാക്രമണത്തിനു ശേഷം വിദേശരാജ്യങ്ങളിലേക്ക് അയച്ച ഇന്ത്യൻ പ്രതിനിധി സംഘങ്ങളിലൊന്നിനു നേതൃത്വം നൽകിയതോടെ ഭിന്നത രൂക്ഷമായി. അടുത്തിടെ, കുടുംബരാഷ്‌ട്രീയത്തിനെതിരേ തരൂർ എഴുതിയ ലേഖനം കോൺഗ്രസിൽ വലിയ കോളിളക്കമാണു സൃഷ്ടിച്ചിട്ടുള്ളത്.

അതേ സമയം വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധന (എസ്ഐആർ)യെക്കുറിച്ചു ചർച്ച ചെയ്യാൻ കോൺഗ്രസ് നേതൃത്വം വിളിച്ചു ചേർത്ത യോഗത്തിൽ ശശി തരൂർ പങ്കെടുത്തില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറിമാരും പിസിസി അധ്യക്ഷരുമടക്കം നേതാക്കളാണു പങ്കെടുത്തത്. തലസ്ഥാനത്തുണ്ടായിട്ടും തരൂർ യോഗത്തിനെത്തിയില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com