ഈ ചെങ്കോൽ ഞാനിങ്ങെടുക്കുവാ..., പാർട്ടി നിലപാടിനെതിരേ തരൂർ
ന്യൂഡൽഹി: ഭൂതകാലത്തുനിന്നുള്ള പ്രതീകം എന്ന നിലയിൽ, പുതിയ പാർലമെന്‍റ് മന്ദിരത്തിൽ സ്ഥാപിച്ച ചെങ്കോലിനെ എല്ലാവരും സ്വീകരിക്കണമെന്ന് ശശി തരൂർ എംപി. കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക നിലപാടിൽനിന്നു വിഭിന്നമാണ് പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കു മത്സരിച്ചു പരാജയപ്പെട്ട നേതാവിന്‍റെ അഭിപ്രായപ്രകടനം.
ചെങ്കോലിന്‍റെ കാര്യത്തിൽ സർക്കാരും പ്രതിപക്ഷവും ഉയർത്തുന്ന വാദങ്ങളിൽ കഴമ്പുണ്ടെന്ന നിഷ്പക്ഷ നിലപാട് സ്വീകരിക്കാൻ ശ്രമിച്ച്, അനുകൂല നിലപാടിലേക്കു വഴുതുകയാണ് തരൂർ. ഈ ചെങ്കോൽ മൗണ്ട് ബാറ്റൺ പ്രഭു ജവഹർലാൽ നെഹ്റുവിനെ അധികാര കൈമാറ്റത്തിന്‍റെ പ്രതീകമായി കൈമാറ്റം ചെയ്യുകയായിരുന്നു എന്നതിന് രേഖപ്പെടുത്തിയ തെളിവൊന്നുമില്ലെന്ന് തരൂരും സമ്മതിക്കുന്നു. (ഗവർണർ ജനറലായിരുന്ന രാജഗോപാലാചാരിയുടെ നിർബന്ധപ്രകാരം തമിഴ്‌നാട്ടിൽ നിന്നുള്ള ശൈവ സന്ന്യാസിമാരാണ് നെഹ്റുവിനു ചെങ്കോൽ കൈമാറുന്നത്.)
അതേസമയം, പാവനമായ പരമാധികാരത്തിന്‍റെയും ധർമ സംസ്ഥാപനത്തിന്‍റെയും തുടർച്ചയുടെ പ്രതീകം എന്ന നിലയിൽ ചെങ്കോലിനെ കാണുന്ന സർക്കാർ നിലപാട് ശരിയാണെന്നും തരൂർ പറയുന്നു. ദൈവികമായ പിന്തുടർച്ചയായല്ല, ജനങ്ങളുടെ പേരിലാണ് ഭരണഘടന സ്വീകരിക്കപ്പെട്ടതെന്നും, പരമാധികാരം ജനങ്ങളിലാണ് നിക്ഷിപ്തമായിരിക്കുന്നതെന്നും അത് പാർലമെന്‍റിലാണ് പ്രതിനിധീകരിക്കപ്പെടുന്നതെന്നും രാജകീയ വിശേഷാധികാരം കൽപ്പിക്കുന്നതു ശരിയല്ലെന്നുമുള്ള പ്രതിപക്ഷ വാദവും യുക്തിസഹമാണെന്നും തരൂർ പറയുന്നുണ്ട്. അതിനുശേഷമാണ് ഭൂതകാലത്തിന്‍റെ പ്രതീകമെന്ന നിലയിൽ വർത്തമാനകാല മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ചെങ്കോലിനെ സ്വീകരിക്കണമെന്ന താത്വികമായ ആഹ്വാനം.

