ആം ആദ്മി പാർട്ടിയുടെ സഖ്യം ജനങ്ങളുമായി; പഞ്ചാബിലെ ബിജെപി-ശിരോമണി അകാലിദൾ സഖ്യത്തിനെതിരേ കെജ്‌രിവാൾ

അധികാരമോഹം മൂലം ഏത് പാർട്ടിയുമായും ബിജെപിക്ക് കൈകോർക്കാനാകുമെന്ന് കെജ്‌രിവാൾ വിമർശിച്ചു
Arvind Kejriwal

അരവിന്ദ് കെജ്‌രിവാൾ

file image
Updated on: 

ന്യൂഡൽഹി: അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ശിരോമണി അകാലിദളുമായി ബിജെപി സഖ്യമുണ്ടാക്കിയതിനെതിരേ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. അധികാരമോഹം മൂലം ഏത് പാർട്ടിയുമായും ബിജെപിക്ക് കൈകോർക്കാനാകുമെന്ന് അദ്ദേഹം വിമർശിച്ചു. പഞ്ചാബിലെ സ്ത്രീകൾ, പട്ടികജാതി വിഭാഗങ്ങൾ, കർഷകർ, വ്യാപാരികൾ എന്നിവരുമായാണ് ആം ആദ്മി പാർട്ടിയുടെ സഖ്യമെന്നും കെജ്‌രിവാൾ പറഞ്ഞു. ചൊവ്വാഴ്ച ബിജെപി-അകാലിദൾ സഖ്യപ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഇരു പാർട്ടികളും പലതവണ ഒന്നിക്കുകയും വേർപിരിയുകയും ചെയ്തിട്ടുണ്ടെന്ന് കെജ്‌രിവാൾ പറഞ്ഞു. പഞ്ചാബിലെ ജനങ്ങളുമായാണ് തങ്ങളുടെ സഖ്യം. സംസ്ഥാനത്തിന്‍റെ വികസനത്തിനായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഭഗവന്ത് മൻ നയിക്കുന്ന ആം ആദ്മി സർക്കാർ കഴിഞ്ഞ അഞ്ച് വർഷം നടത്തിയ പ്രവർത്തനങ്ങൾ പഞ്ചാബിലെ ജനങ്ങൾ കണ്ടിട്ടുണ്ട്. പതിറ്റാണ്ടുകളായി സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായ കർഷക സമരത്തിനിടെ 700-ലധികം കർഷകർ മരിച്ച കാര്യം ജനങ്ങൾ മറന്നിട്ടില്ലെന്നും കെജ്‌രിവാൾ ആരോപിച്ചു. അകാലിദൾ ഭരണകാലത്തെ ഗുരുഗ്രന്ഥ സാഹിബ് അവഹേളന സംഭവങ്ങളും മയക്കുമരുന്ന് വ്യാപനവും അദ്ദേഹം പരാമർശിച്ചു.

അകാലിദൾ-ബിജെപി സഖ്യം പഞ്ചാബിൽ ഒരു സ്വാധീനവും ചെലുത്തില്ലെന്ന് ഡൽഹി എഎപി എംഎൽഎ ജർനൈൽ സിങ്ങും പ്രതികരിച്ചു. പൂജ്യത്തോട് പൂജ്യം കൂട്ടിയാലും പൂജ്യം തന്നെയായിരിക്കുമെന്നായിരുന്നു ഇരു പാർട്ടികളെയും താരതമ്യം ചെയ്തുള്ള അദ്ദേഹത്തിന്‍റെ പരാമർശം. പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ വോട്ട് തേടുന്ന രാജ്യത്തെ ഏക പാർട്ടിയാണ് ആം ആദ്മി പാർട്ടിയെന്നും അദ്ദേഹം അവകാശപ്പെട്ടു.