ഇന്ത്യയിൽ ടിക് ടോക്ക് നിരോധനം നീക്കിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ

2020 ജൂണിലാണ് ഇന്ത്യയിൽ ടിക് ടോക്ക് നിരോധിച്ചത്.

ന്യൂഡല്‍ഹി: ചൈനീസ് ഷോര്‍ട്ട് വിഡിയൊ പ്ലാറ്റ്‌ഫോമായ ടിക് ടോക്ക് ഇന്ത്യയിൽ ഏർപ്പെടുത്തിയ നിരോധനം നീക്കിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. ടിക് ടോക്ക് വെബ്‌സൈറ്റിലേക്ക് പ്രവേശനം ലഭിക്കുന്നുണ്ടെന്ന തരത്തിലുള്ള പ്രചരണം അഭ്യൂഹങ്ങൾ മാത്രമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ടിക് ടോക്കിന്‍റെ വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് നിരവധി ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് ടിക് ടോക്ക് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചത്.

ചില ഉപയോക്താക്കൾക്ക് വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാൻ കഴിഞ്ഞെങ്കിലും ലോഗിൻ ചെയ്യാനോ വീഡിയോകൾ കാണാനോ അപ്‌ലോഡ് ചെയ്യാനോ കഴിഞ്ഞില്ലെന്ന് അധികൃതർ വ്യക്തമാക്കി. 2020 ജൂണിൽ ഗാൽവാൻ താഴ്വരയിലെ ഏറ്റുമുട്ടലുകൾക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മിലുളള ബന്ധം വഴളായിരുന്നു. ഇതിനു ശേഷമാണ് ടിക് ടോക്, ഷെയര്‍ ഇറ്റ്, ക്യാം സ്‌കാനര്‍, ക്ലബ്ബ് ഫാക്റ്ററി, എംഐ വിഡിയോ കോള്‍ ഉള്‍പ്പെടെ 58 ചൈനീസ് ആപ്പുകള്‍ മോദി സര്‍ക്കാര്‍ നിരോധിച്ചത്.

ദേശീയ സുരക്ഷ സംബന്ധിച്ച ആശങ്കകളാണ് നിരോധനത്തിനു കാരണമായി കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചിരുന്നത്. ഇപ്പോൾ ഇന്ത്യയില്‍ സേവനം പുനരാരംഭിക്കാനുള്ള സാധ്യതയെക്കുറിച്ച് ടിക് ടോക്കില്‍ നിന്നോ മാതൃ കമ്പനിയായ ബൈറ്റ് ഡാന്‍സില്‍ നിന്നോ ഔദ്യോഗികമായി ഒരു അറിയിപ്പും വന്നിട്ടുമില്ല.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com