

മുംബൈ: ജനാധിപത്യത്തെ ‘കൊലപ്പെടുത്തിയ’ ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനത്ത് നിന്ന് പുറത്താക്കി ജയിലിൽ അടയ്ക്കണമെന്ന് ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ. മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തമിഴ്നാട് സംസ്ഥാനങ്ങളിലെ കഴിഞ്ഞ തെരഞ്ഞെടുപ്പുകൾ റദ്ദാക്കി ബാലറ്റ് പേപ്പർ ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മിഷനിലെ ഭിന്നതകൾ സംബന്ധിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്പെഷ്യൽ ഇന്‍റൻസീവ് റിവിഷൻ (എസ്ഐആർ) നടപടിക്കിടെ തങ്ങളുടെ അറിവില്ലാതെ പുറപ്പെടുവിച്ച തീരുമാനങ്ങളിലും ഉത്തരവുകളിലും തെരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും പലതവണ എതിർപ്പ് രേഖപ്പെടുത്തിയെന്നായിരുന്നു റിപ്പോർട്ട്.
എസ്ഐആറിനിടെ പശ്ചിമ ബംഗാളിൽ 90 ലക്ഷം വോട്ടർമാരുടെയും തമിഴ്നാട്ടിൽ 70 ലക്ഷം വോട്ടർമാരുടെയും പേരുകൾ നീക്കം ചെയ്തതായി ഉദ്ധവ് അവകാശപ്പെട്ടു. 2024ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് 45 ലക്ഷം വോട്ടർമാരെ പട്ടികയിൽ കൂട്ടിച്ചേർത്തതായും ഇപ്പോൾ 40 ലക്ഷം പേരുടെ പേരുകൾക്കെതിരേ എതിർപ്പുകൾ ഉയർന്നതായും അദ്ദേഹം ആരോപിച്ചു. “ഗ്യാനേഷ് കുമാറിനെ ഉടൻ പുറത്താക്കി ജയിലിലടയ്ക്കണം. അദ്ദേഹം ജനാധിപത്യത്തെ കൊലപ്പെടുത്തുകയും ഭരണഘടനയെ അപമാനിക്കുകയും ചെയ്തു”- മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ഉദ്ധവ് താക്കറെ പറഞ്ഞു.
ഗ്യാനേഷ് കുമാറിനെതിരേ നിലപാട് സ്വീകരിച്ചതിന് തെരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധുവിനെയും വിവേക് ജോഷിയെയും അദ്ദേഹം അഭിനന്ദിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷൻ എടുത്തിട്ടുള്ള തെറ്റായ തീരുമാനങ്ങളെല്ലാം ഇരുവരും റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നടപടിയുണ്ടായില്ലെങ്കിൽ ജനങ്ങൾ കാര്യങ്ങൾ സ്വന്തം കൈകളിലെടുക്കുന്ന സാഹചര്യമുണ്ടാകുമെന്ന് ഉദ്ധവ് മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പ് നടപടികളിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടാൽ രാജ്യത്ത് അരാജകത്വത്തിന് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കോടതി സ്വമേധയാ ഇടപെടണമെന്നും ആവശ്യപ്പെട്ടു. ജനാധിപത്യത്തെ സംരക്ഷിക്കാൻ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണമെന്നും ഉദ്ധവ് പറഞ്ഞു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഒരു ‘സംഘം’ രാജ്യത്ത് വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും ഇപ്പോൾ ആ സംഘം പുറത്തായെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടികളെ പിളർത്തുകയും പാർട്ടികൾ ‘മോഷ്ടിക്കുകയും’ ജനാധിപത്യത്തെ കൊലപ്പെടുത്തുകയും ചെയ്ത ഈ സംഘത്തിന്‍റെ ‘തലവൻ’ ഗ്യാനേഷ് കുമാറാണെന്നും ഉദ്ധവ് ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആഭ്യന്തര മന്ത്രിയാണ് ഇതിന് പിന്നിലെങ്കിൽ അദ്ദേഹത്തിനെതിരെയും നടപടിയെടുക്കണമെന്നും ഉദ്ധവ് പറഞ്ഞു.
‘ജനാധിപത്യത്തെ മോഷ്ടിക്കുകയും കൊല്ലുകയും ചെയ്യുന്ന’ രീതിയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പിന്തുടരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
“ആദ്യം തെരഞ്ഞെടുപ്പ് ചിഹ്നം മരവിപ്പിക്കും. പിന്നീട് ഭാഗികമായ തീരുമാനം അറിയിക്കും. ശിവസേന (യുബിടി), എൻസിപി, ഇപ്പോൾ തൃണമൂൽ കോൺഗ്രസ് എന്നിവയുടെ കാര്യത്തിലും ഇതാണ് ഉപയോഗിച്ചത്. ഇഷ്ടാനുസരണം തീരുമാനങ്ങൾ എങ്ങനെ എടുക്കുന്നു എന്നതിന് ശിവസേന (യുബിടി) ഉദാഹരണമാണ്”- ഉദ്ധവ് പറഞ്ഞു.