

ചെന്നൈ: 20 വർഷങ്ങൾക്ക് മുൻപ് മരണക്കയത്തിൽ നിന്ന് പുതു ജീവിതത്തിലേക്ക് കൈ പിടിച്ചു കൊണ്ടുവന്ന കുട്ടിയുടെ വിവാഹത്തിന് മുഖ്യ കാർമികത്വം വഹിച്ച് അന്നത്തെ നാഗപട്ടണം ജില്ലാ കലക്റ്ററായിരുന്ന ഡോ. ജെ. രാധാകൃഷ്ണൻ. 2004ൽ തമിഴ്നാട്ടിലുണ്ടായ സുനാമിയിൽ ജീവൻ തിരിച്ചു കിട്ടിയവരിൽ ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു മീന.
കീച്ചങ്കുപ്പത്തിലെ കെട്ടിട അവശിഷ്ടങ്ങൾക്കിടിൽ നിന്ന് കുഞ്ഞിന്‍റെ കരച്ചിൽ കേട്ടാണ് രാധകൃഷ്ണൻ മീനയുടെ അടുത്തെത്തുന്നത്. അന്ന് കുഞ്ഞിനെ വാരിയെടുത്ത് സംരക്ഷിക്കാൻ തുടങ്ങിയതാണ്. അവളെ പഠിപ്പിച്ചു ജോലി വാങ്ങിക്കൊടുത്ത്, ഇന്ന് കല്യാണ മണ്ഡപത്തിൽ വരെ ഒരു പിതാവിനെ പോലെ കൈപിടിച്ചെത്തിച്ചു.
അന്ന് മീനയെ ഏൽപ്പിച്ചത് നാഗപട്ടണത്തിലെ അണ്ണ സത്യ ഗവൺമെന്‍റ് ചിൽഡ്രൻസ് ഹോമിലായിരുന്നു. അവൾക്ക് വേണ്ട എല്ലാം സൗകര്യങ്ങളും കലക്റ്റർ ചെയ്തു കൊടുത്തു. പിന്നീട് മീനയുടെ ഓരോ വിജയത്തിനും പിന്നിൽ രാധാകൃഷ്ണനും ഭാര്യ കൃതികയുമുണ്ടായിരുന്നു.
സ്ഥലം മാറിപ്പോയിട്ടും രാധാകൃഷ്ണൻ മീനയുടെ കാര്യങ്ങളെല്ലാം അന്വേഷിച്ച് ഒപ്പം തന്നെയുണ്ടായിരുന്നു. ഇപ്പോൾ തമിഴ്നാട് സർക്കാരിന്‍റെ അഡീഷനൽ ചീഫ് സെക്രട്ടറിയാണ് അദ്ദേഹം. നഴ്സ് ആവാനായിരുന്നു മീനയുടെ ആഗ്രഹം. അതിനെല്ലാം വഴികാട്ടിയായി രാധാകൃഷ്ണൻ കൂടെ നിന്നു.
മീന വിവാഹിതയാകാൻ തീരുമാനിച്ചപ്പോൾ മുന്നിൽ നിന്ന് നടത്തിക്കൊടുക്കാൻ രാധാകൃഷ്ണൻ നാഗപട്ടണത്തെത്തി. ചടങ്ങുകളെല്ലാം നടത്തിക്കൊടുത്തു. വിവാഹത്തിന്‍റെ ചിത്രങ്ങൾ ഡോ. രാധാകൃഷ്ണൻ തന്നെ ഇൻസ്റ്റഗ്രാമിൽ പങ്ക് വയ്ക്കുകയായിരുന്നു.
"മീനയുടെയും മണിമാരന്‍റെയും വിവാഹത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. അവൾ വളർന്നു, പഠിച്ചു, ബിരുദം നേടി. ഇപ്പോൾ മനോഹരമായ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത് കാണുമ്പോൾ സന്തോഷത്താൽ കണ്ണ് നിറയുന്നു. രക്തബന്ധങ്ങൾക്കപ്പുറം വളർന്ന ഒരു കുടുംബം. ഇന്നത്തെ കാഴ്ചകളും ഇന്നലെകളിലെ നിമിഷങ്ങളും പങ്കുവയ്ക്കുമ്പോൾ, നാമെല്ലാവരും എത്ര ദൂരം പിന്നിട്ടെന്ന് തിരിച്ചറിയുന്നു'', രാധകൃഷ്ണൻ കുറിച്ചു.