
രൺധീർ ജയ്‌സ്വാൾ
ന്യൂഡൽഹി: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ രക്ഷിക്കാൻ എല്ലാ ശ്രമവും തുടരുകയാണെന്നു കേന്ദ്ര സർക്കാർ. ഇരുകൂട്ടർക്കും സ്വീകാര്യമായ പരിഹാരം കണ്ടെത്താൻ ശ്രമം തുടരുകയാണെന്നു വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. ഇതിനായി യെമൻ അധികൃതരെയും ചില സുഹൃദ് രാജ്യങ്ങളെയും ബന്ധപ്പെട്ടുവരികയാണെന്നും അദ്ദേഹം. ഡൽഹിയിൽ പത്രസമ്മേളനത്തിൽ നിമിഷപ്രിയയുടെ മോചന ശ്രമങ്ങളെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു വിദേശകാര്യ വക്താവ്.
വധശിക്ഷ മാറ്റിവയ്ക്കാൻ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഇടപെട്ടുവെന്ന വാർത്തകളെക്കുറിച്ച് അറിയില്ലെന്നും ജയ്സ്വാൾ പറഞ്ഞു. വധശിക്ഷ മാറ്റിയതിൽ കാന്തപുരത്തിന്‍റെ ഇടപെടൽ നിർണായകമായെന്ന ചർച്ചകൾക്കിടെയാണു കേന്ദ്ര സർക്കാരിന്‍റെ പ്രതികരണം. വൈകാരികമായ കേസാണിത്. കേന്ദ്ര സർക്കാർ സാധ്യമായ എല്ലാ പിന്തുണയും നൽകും. നിലവിൽ നിയമസഹായം ഏർപ്പെടുത്തിയിട്ടുണ്ട്. കുടുംബത്തെ സഹായിക്കാൻ ഒരു അഭിഭാഷകനെയും നിയമിച്ചു. പ്രാദേശിക അധികാരികളോടും കുടുംബാംങ്ങളോടും നിരന്തരം ബന്ധം പുലർത്തുന്നുണ്ട്.
കോൺസുലാർ ഉദ്യോഗസ്ഥരുടെ സന്ദർശനങ്ങളും തുടരുന്നു. യെമനിൽ ഇന്ത്യയ്ക്ക് എംബസിയില്ല. സൗദി അറേബ്യയിലെ എംബസിയാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്. വധശിക്ഷ നീട്ടിവച്ച് കുടുബാംഗങ്ങൾക്ക് കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങളുമായി ധാരണയിലെത്താൻ പരമാവധി സമയം ഉറപ്പാക്കാനായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ശ്രമം. 16ന് നടത്താനിരുന്ന വധശിക്ഷ യെമൻ സർക്കാർ മാറ്റിവച്ചിട്ടുണ്ട്. ഇതെത്ര നാളത്തേക്കെന്ന് അറിയില്ല. ഇനിയും എല്ലാ പിന്തുണയും നൽകും- ജയ്സ്വാൾ പറഞ്ഞു.
കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബത്തിന് ബ്ലഡ് മണി അഥവാ ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കാനാണു കുടുംബത്തിന്‍റെ ശ്രമം. എന്നാൽ, നിമിഷ പ്രിയയ്ക്കു മാപ്പു നൽകില്ലെന്ന് കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരൻ അബ്ദേൽ ഫത്ത മഹ്ദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിമിഷപ്രിയയെ രക്ഷിക്കാൻ സാധ്യമായ എല്ലാ ശ്രമവും നടത്തുമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.