
യുകെ പ്രധാനമന്ത്രി കിയർ സ്റ്റാർമറുമൊത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സൗഹൃദയാത്രാ ചിത്രം
x
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറുമൊത്ത് ഒരേ വാഹനത്തിൽ യാത്ര ചെയ്യുന്ന ചിത്രം അദ്ദേഹം തന്നെയാണ് എക്സിൽ പങ്കു വച്ചത്. വാഹനത്തിന്‍റെ പിൻസീറ്റിൽ മോദിയും സ്റ്റാർമറും ഒന്നിച്ചിരുന്നു യാത്ര ചെയ്യുന്ന ചിത്രമാണ് സൗഹൃദ യാത്രയിൽ എന്ന അടിക്കുറിപ്പോടെ എക്സിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഈ യാത്രയിൽ സ്റ്റാർമർ സീറ്റ് ബെൽറ്റ് ധരിച്ചിട്ടുള്ളതായി കാണാം. എന്നാൽ മോദി സീറ്റ് ബെൽറ്റ് ധരിച്ചിട്ടുമില്ല.
വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ പിൻസീറ്റിലുള്ളവർ ഉൾപ്പടെ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം എന്നാണ് കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളിലെ റൂൾ 138(3) വ്യക്തമാക്കുന്നത്. ഈ നിയമം ലംഘിച്ചാൽ ഡ്രൈവർമാർക്കും പിൻസീറ്റിൽ ഇരിക്കുന്നവർക്കും 1000 രൂപ പിഴ ചുമത്താം. പ്രധാനമന്ത്രിക്ക് ഈ പിഴ വീഴുമോ എന്നതാണ് ഇപ്പോൾ ചർച്ചാവിഷയം. മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2025ൽ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെ പ്രധാനമന്ത്രി പങ്കു വച്ച ചിത്രമാണ് പൊല്ലാപ്പായത്.