

രാഷ്‌ട്രപതി ദ്രൗപതി മുർമു
ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപദി മുർമു ബുധനാഴ്ച ഇന്ത്യൻ വ്യോമസേനയുടെ അഭിമാനമായ റഫാൽ യുദ്ധവിമാനത്തിൽ പറക്കും. ഹരിയാനയിലെ അംബാല വ്യോമതാവളത്തിൽ നിന്നാകും രാഷ്‌ട്രപതിയുടെ റഫാൽ യാത്രയെനന്ന് രാഷ്‌ട്രപതി ഭവൻ അറിയിച്ചു. 2023 ഏപ്രിൽ എട്ടിന് സർവ സൈന്യാധിപ കൂടിയായ രാഷ്‌ട്രപതി അസമിലെ തേസ്പുർ വ്യോമതാവളത്തിൽ നിന്ന് സുഖോയ് 30 എംകെഐ യുദ്ധവിമാനത്തിൽ പറന്നിരുന്നു.
രാഷ്‌ട്രപതിയായിരിക്കെ എ.പി.ജെ. അബ്ദുൾ കലാമും പ്രതിഭ പാട്ടീലും സുഖോയ് വിമാനത്തിൽ പറന്നിരുന്നു. ഫ്രഞ്ച് എയ്റോസ്പെയ്സ് ഭീമൻ ഡാസോ ഏവിയേഷൻ നിർമിച്ച റഫാൽ യുദ്ധ വിമാനങ്ങൾ 2020ലാണ് ഇന്ത്യയ്ക്ക് കൈമാറിയത്. ആദ്യ അഞ്ചു റഫാൽ വിമാനങ്ങൾ അംബാലയിലെ പതിനേഴാം സ്ക്വാഡ്രനിൽ ഉൾപ്പെടുത്തി. ഓപ്പറേഷൻ സിന്ദൂറിൽ നിർണായകമായിരുന്നു റഫാലിന്‍റെ പങ്ക്.
സംഘർഷത്തിൽ നാലു റഫാൽ വിമാനങ്ങൾ വീഴ്ത്തിയെന്ന് പാക്കിസ്ഥാൻ അവകാശപ്പെട്ടെങ്കിലും ഇതിന് ഒരു തെളിവും ഹാജരാക്കാൻ അവർക്കു കഴിഞ്ഞിരുന്നില്ല. പാക് വാദങ്ങൾ കള്ളമെന്ന് ഇന്ത്യയും ഡാസോ ഏവിയേഷനും വ്യക്തമാക്കുകയും ചെയ്തു.
തങ്ങൾ തകർത്തെന്ന് പാക്കിസ്ഥാൻ അവകാശപ്പെട്ട ടെയ്‌ൽ നമ്പരുകളുള്ള റഫാൽ വിമാനങ്ങൾ അടുത്തമാസം നടക്കുന്ന ഇന്ത്യ- യുഎസ് സംയുക്ത സൈനികാഭ്യാസത്തിൽ പങ്കെടുക്കുമെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരണവുമുണ്ടായി. ഇതിനു പിന്നാലെയാണ് രാഷ്‌ട്രപതി റഫാലിൽ പറക്കുന്നത്.