ഇന്ത്യയ്ക്ക് റഷ്യയുടെ 'സുദർശന ചക്രം'; എസ്-500 വ്യോമ പ്രതിരോധം സംയുക്തമായി നിർമിച്ചേക്കും

സ്റ്റെൽത്ത് വിമാനങ്ങളെ പോലും വിദൂരത്തു നിന്ന് തിരിച്ചറിയാനും ലോക്ക് ചെയ്യാനും ശേഷിയുള്ള ശക്തമായ റഡാർ സംവിധാനങ്ങളുള്ള വ്യോമ പ്രതിരോധ സംവിധാനമാണ് എസ്-500 പ്രോമിത്യൂസ്.
S-500 Prometheus.

എസ്-500 പ്രോമിത്യൂസ്.

getty image

Updated on

ന്യൂഡൽഹി: റഷ്യയിൽ നിന്നു വാങ്ങിയ എസ്-400 മിസൈൽ പ്രതിരോധ സംവിധാനം ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിൽ ഇന്ത്യയുടെ പ്രതിരോധത്തിൽ നിർണായക പങ്കു വഹിച്ചിരുന്നു. പാക്കിസ്ഥാന്‍റെ വ്യോമാക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ എസ്-400 ഇന്ത്യയുടെ സുദർശന ചക്രമായി പ്രവർത്തിച്ചുവെന്ന് ഇന്ത്യ വിലയിരുത്തുന്നു. നിലവിൽ കരാർ പ്രകാരം രണ്ട് എസ്-400 യൂണിറ്റുകൾ കൂടി റഷ്യയിൽ നിന്ന് ഇന്ത്യയ്ക്ക് ലഭിക്കാനുണ്ട്. ഇതിനിടെ എസ്-400 ന്‍റെ കൂടുതൽ ആധുനികവും ശക്തവുമായ പതിപ്പായ എസ്-500 സംവിധാനം വാങ്ങാനുള്ള പദ്ധതികളുമായി ഇന്ത്യ മുന്നോട്ട് പോകുകയാണ്.

400 കിലോമീറ്റർ ദൂരെനിന്നു തന്നെ ആക്രമണ ശ്രമങ്ങളെ തിരിച്ചറിയാൻ ശേഷിയുള്ളതാണ് എസ്-400 ട്രയംഫ് സംവിധാനം. ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാന്‍റെ യുദ്ധ വിമാനങ്ങളെയും അവാക്സ് വിമാനങ്ങളെയും പ്രതിരോധിക്കാൻ എസ്-400 ഇന്ത്യയെ സഹായിച്ചു. 314 കിലോമീറ്റർ ദൂരത്തു വച്ച് പാക്കിസ്ഥാന്‍റെ അവാക്സ് വിമാനത്തെ എസ്-400 തകർത്തത് സർഫസ് ടു എയർ മിസൈൽ ആക്രമണങ്ങളുടെ ചരിത്രത്തിലെ ആദ്യ സംഭവം ആയിരുന്നു. എസ്-400 ന്‍റെ നിരീക്ഷണത്തിൽ പെടാതെ ഇന്ത്യയെ ആക്രമിക്കാനുള്ള പാക്കിസ്ഥാന്‍റെ ശ്രമങ്ങൾ പരാജയപ്പെട്ടു. ഇന്ത്യൻ അതിർത്തിയുടെ 200 കിലോമീറ്റർ ദൂരത്തിനടുത്ത് എത്താതെ ആക്രമണം നടത്താൻ പാക് യുദ്ധ വിമാനങ്ങൾ നിർബന്ധിതരാകുകയായിരുന്നു.

എസ്-500 പ്രത്യേകതകൾ

എസ്-400 സംവിധാനത്തിന്‍റെ മികച്ച പ്രകടനം ബോധ്യമായതോടെയാണ് അതിന്‍റെ ആധുനിക പതിപ്പായ എസ്-500 പ്രോമിത്യൂസിൽ ഇന്ത്യ താൽപര്യം പ്രകടിപ്പിച്ചത്. സ്റ്റെൽത്ത് വിമാനങ്ങളെ പോലും വിദൂരത്തു നിന്ന് തിരിച്ചറിയാനും ലോക്ക് ചെയ്യാനും ശേഷിയുള്ള ശക്തമായ റഡാർ സംവിധാനങ്ങളുള്ള വ്യോമ പ്രതിരോധ സംവിധാനമാണ് എസ്-500 പ്രോമിത്യൂസ്.

ഇന്ത്യ താത്പര്യം പ്രകടിപ്പിച്ചെങ്കിലും ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റിയ ശേഷം മാത്രമേ കയറ്റുമതിയെക്കുറിച്ച് ആലോചിക്കൂ എന്ന നിലപാടിലാണ് റഷ്യ. എസ്- 400 ട്രയംഫിനെ അപേക്ഷിച്ച് എസ്-500 പ്രോമിത്യൂസിന് വലിയ വിലയാണ് പ്രതീക്ഷിക്കുന്നത്. ഒരു യൂണിറ്റിന് കുറഞ്ഞത് 250 കോടി ഡോളർ വരെയാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ആഗോളതലത്തിലുള്ള ഉപരോധങ്ങളും തൊഴിലാളി ക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും എസ്-500 സംവിധാനത്തിന്‍റെ നിർമാണത്തെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യയുമായി ചേർന്ന് സംയുക്തമായി എസ്-500 നിർമിക്കാമെന്ന വാഗ്ദാനം റഷ്യ മുന്നോട്ടു വച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതിനാവശ്യമായ സാങ്കേതിക വിദ്യാ കൈമാറ്റവും നടന്നേക്കും. ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് മിസൈൽ മാതൃകയിൽ എസ്-500 ഇന്ത്യയിൽ ഉൽപാദിപ്പിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകൾ പറയുന്നത്.

സംയുക്ത സംരംഭം വഴി ഉത്പാദനച്ചെലവും സമയവും കുറയുമെന്നത് ഇരു രാജ്യങ്ങൾക്കും ഗുണകരമാകും. എന്നാൽ, റഷ്യയുമായുള്ള ഈ വലിയ പ്രതിരോധ ഇടപാട് യുഎസ് ഉപരോധങ്ങൾക്ക് കാരണമായേക്കാമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന 'കുശ' വ്യോമപ്രതിരോധ സംവിധാനം, നിലവിലുള്ള എസ്-400 എന്നിവയ്‌ക്കൊപ്പം എസ്-500 സംവിധാനവും വിന്യസിക്കാനാണ് ഇന്ത്യയുടെ പദ്ധതി. ഹൈപ്പർ സോണിക് മിസൈലുകളെ പോലും പ്രതിരോധിക്കാൻ ഇതിനു ശേഷിയുണ്ടെന്നാണ് വിലയിരുത്തൽ.

പരീക്ഷണ വേളയിൽ 484 കിലോമീറ്റർ ദൂരെ നിന്നു തന്നെ എസ്-500 ഒരു മിസൈലിനെ തകർത്തിരുന്നു. 500 കിലോമീറ്റർ ദൂരം വരെ ഹൈപ്പർ സോണിക് മിസൈലുകളെ തകർക്കാൻ ഇതിനു കഴിയും. ഒരു യൂണിറ്റിന് സെക്കൻഡിൽ ഏഴു കിലോമീറ്റർ വേഗതയിൽ വരുന്ന 10 ഹൈപ്പർസോണിക് മിസൈലുകളെ വരെ പ്രതിരോധിക്കാമെന്ന് അവകാശപ്പെടുന്നു. ഇങ്ങനെ വരുന്ന മിസൈലുകളെ 200 കിലോമീറ്റർ ഉയരത്തിൽ വച്ചു തന്നെ നശിപ്പിക്കാൻ എസ്-500 ന് സാധിക്കും. ആളില്ലാ യുദ്ധ വിമാനങ്ങൾ, ലോ എർത്ത് ഓർബിറ്റിൽ സഞ്ചരിക്കുന്ന സാറ്റലൈറ്റുകൾ എന്നിവയെയും നിരീക്ഷിക്കാനും തകർക്കാനും ഇതിന് ശേഷിയുണ്ട്. ഹൈപ്പർ സോണിക് വേഗതയിലുള്ള ലക്ഷ്യങ്ങളെ നാലു സെക്കന്‍ഡിനുള്ളിൽ തിരിച്ചറിഞ്ഞ് പ്രതികരിക്കാനുള്ള ശേഷിയാണ് എസ്-500 ന്‍റെ മറ്റൊരു പ്രധാന സവിശേഷത.

റഷ്യൻ പൊതുമേഖലാ സ്ഥാപനമായ അൽമാസ് ആന്‍റെയാണ് എസ്-500 ന്‍റെ നിർമാതാക്കൾ. 2018 ലാണ് ഇതിന്‍റെ ആദ്യ പരീക്ഷണം നടന്നത്. നിലവിൽ പ്രോട്ടോടൈപ്പ് ഘട്ടം കടന്ന് വികസനത്തിന്‍റെ അവസാന ഘട്ടത്തിലാണ് എസ്-500. ആകെ ഒരു യൂണിറ്റ് മാത്രമാണ് റഷ്യൻ സൈന്യത്തിന് കൈമാറിയിട്ടുള്ളത്.

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഇത് പരീക്ഷിക്കപ്പെടുന്നുണ്ട്. ഈ പരീക്ഷണങ്ങളിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് ദൗർബല്യങ്ങൾ വിലയിരുത്തി പരിഹരിച്ച ശേഷമാകും പൂർണ തോതിലുള്ള നിർമാണം ആരംഭിക്കുക.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com