

പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം ഡിസംബർ ആദ്യയാഴ്ച തുടങ്ങിയേക്കും
ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം ഡിസംബർ ആദ്യയാഴ്ച ആരംഭിക്കാൻ സാധ്യത. മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിച്ചുള്ള വനിതാ സംവരണ ബിൽ പാസാക്കുന്നതിനാണ് കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നത്. വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണമായ (എസ്ഐആർ) നടപടിയെച്ചൊല്ലി രാഷ്ട്രീയ അന്തരീക്ഷം കൂടുതൽ സംഘർഷഭരിതമായ സാഹചര്യത്തിൽ സഭ പ്രക്ഷുബ്ധമായേക്കും.
നിലവിലെ 543 സീറ്റുകളിൽ നിന്ന് ലോക്‌സഭയുടെ അംഗബലം മണ്ഡല പുനർനിർണയത്തിലൂടെ പരമാവധി 850 ആയി ഉയർത്താൻ ലക്ഷ്യമിടുന്ന ഭരണഘടനാ ഭേദഗതി ബില്ലാണ് സർക്കാർ പരിഗണിക്കുന്നത്. ഇതിലൂടെ 2029ലെ പൊതുതെരഞ്ഞെടുപ്പിന് മുൻപ് പാർലമെന്‍റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
സമ്മേളനത്തിന്‍റെ തീയതി സംബന്ധിച്ച ചർച്ചകൾ സർക്കാരിന്‍റെ ഉന്നതതലത്തിൽ നടന്നതായും ഡിസംബറിലെ ആദ്യവാരമാണ് പരിഗണനയിലുള്ളതെന്നും ചർച്ചകളുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
അതേസമയം, നിർണായകമായ ബിൽ പാസാക്കാൻ ആവശ്യമായ പിന്തുണ ഉറപ്പാക്കുക സർക്കാരിന് വെല്ലുവിളിയാകും. ലോക്‌സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമാണ് ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ വേണ്ടത്. നിലവിലെ 543 അംഗങ്ങളുള്ള സഭയിൽ 361 പേരുടെ പിന്തുണ ആവശ്യമാണ്. മൂന്ന് ഒഴിവുകളുള്ളതിനാൽ നിലവിൽ സഭയിൽ 540 അംഗങ്ങളാണുള്ളത്. ഭരണകക്ഷിയായ എൻഡിഎയ്ക്ക് 320 അംഗങ്ങളാണുള്ളത്. ആവശ്യമായ ഭൂരിപക്ഷം നേടാൻ പ്രതിപക്ഷത്തിന്‍റെ പിന്തുണ കൂടി വേണം.
എന്നാൽ ആവശ്യമായ ഭൂരിപക്ഷം ഉറപ്പാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സർക്കാർ. ബിൽ 15 മുതൽ 18 വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പാസാകുമെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അംഗബലത്തിന് പുറമെ രാഷ്ട്രീയ സാഹചര്യവും സർക്കാരിന് വെല്ലുവിളിയാണ്. എസ്ഐആറിനെതിരേ പ്രതിഷേധം ശക്തമാക്കിയ പ്രതിപക്ഷ പാർട്ടികൾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജിയും ആവശ്യപ്പെടുന്നുണ്ട്. ഈ പ്രതിഷേധങ്ങൾ പാർലമെന്‍റിലും ഉയർത്താനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. ഇതോടെ ശൈത്യകാല സമ്മേളനം പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്.
അതേസമയം, മൺസൂൺ സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കാതെ നിലനിർത്താനുള്ള സർക്കാരിന്‍റെ തീരുമാനവും അടുത്ത സമ്മേളനത്തിന്‍റെ തീയതിയും നടപടിക്രമങ്ങളും സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.
ഓഗസ്റ്റ് 13നാണ് മൺസൂൺ സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്. എന്നാൽ ഇതുവരെ സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിച്ചിട്ടില്ല. 94 ദിവസമായി സമ്മേളനം അവസാനിപ്പിക്കാതെ തുടരുകയാണ്. 2008ൽ രേഖപ്പെടുത്തിയ 87 ദിവസത്തെ മുൻ റെക്കോർഡും ഇതോടെ മറികടന്നു.
അനിശ്ചിതകാലത്തേക്ക് സഭ പിരിഞ്ഞതിനുശേഷം എത്ര സമയത്തിനുള്ളിൽ സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കണമെന്ന കാര്യത്തിൽ ഭരണഘടന പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ല.