

പിടിയിലായ 17 തടവുകാരെയും അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും
ചെന്നൈ: തേനി ജില്ലാ ജയിലിൽ നിന്ന് രക്ഷപ്പെട്ട 17 തടവുകാരെയും പിടികൂടിയതിന് പിന്നാലെ ഇവരെ തമിഴ്നാട്ടിലെ അതീവ സുരക്ഷാ സംവിധാനങ്ങളുള്ള സെൻട്രൽ ജയിലുകളിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. രക്ഷപ്പെട്ട അവസാന രണ്ട് പേരായ തിരുപ്പതിയെയും മീനാക്ഷിസുന്ദരത്തെയും ബുധനാഴ്ച പിടികൂടിയതോടെ തെരച്ചിൽ പൂർത്തിയായിരുന്നു.
തടവുകാരെ പിടികൂടാനായി 17 പ്രത്യേക സംഘങ്ങൾ, അഞ്ച് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് യൂണിറ്റുകൾ, തമിഴ്നാട് സ്പെഷ്യൽ പൊലീസിന്‍റെ നാല് ബറ്റാലിയനുകൾ എന്നിവയെ വിന്യസിച്ചിരുന്നു. പകൽസമയത്ത് നിബിഡമായ വനമേഖല പരിശോധിച്ച് സംശയാസ്പദമായ സ്ഥലങ്ങൾ കണ്ടെത്താൻ പ്രത്യേക ഡ്രോണുകളും ഉപയോഗിച്ചു.
പിടിയിലായ തടവുകാരെ കോടതിയിൽ ഹാജരാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. രക്ഷപ്പെട്ടവരിൽ അഞ്ച് പേരെ ചൊവ്വാഴ്ച വൈകിട്ട് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി നവംബർ 10 വരെ റിമാൻഡ് ചെയ്തു. എട്ട് പേരെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് നവംബർ 11 വരെ റിമാൻഡ് നീട്ടി. ബുധനാഴ്ച പിടിയിലായ ബാക്കിയുള്ളവരെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. നിയമനടപടികൾ പൂർത്തിയായാൽ തടവുകാരെ പ്രാദേശിക ലോക്കപ്പുകളിൽ നിന്ന് സേലം, വെല്ലൂർ, കടലൂർ, പുഴൽ എന്നിവിടങ്ങളിലെ സെൻട്രൽ ജയിലുകളിലേക്ക് മാറ്റും. ജയിൽചാട്ടത്തിന് പിന്നിലെ കൃത്യമായ കാരണങ്ങളും ആസൂത്രകരെയും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് തേനി എസ്പി പ്രവീൺ ഗൗതം പറഞ്ഞു.
തിങ്കളാഴ്ച രാത്രി പത്തോടെയാണ് തടവുകാർ ജയിൽചാട്ടം ആസൂത്രണം ചെയ്തത്. ഒരാൾക്ക് അപസ്മാരം ബാധിച്ചെന്ന വ്യാജേന വൈദ്യസഹായം ആവശ്യപ്പെട്ടായിരുന്നു തുടക്കം. സഹായിക്കാനായി സെല്ലിൽ പ്രവേശിച്ച കാവൽക്കാരനെ തടവുകാർ കീഴടക്കി മർദിച്ചു. തുടർന്ന് പ്രധാന കവാടത്തിന്‍റെ താക്കോൽ കൈക്കലാക്കി വാതിൽ തുറന്ന് സമീപത്തെ വനമേഖലയിലേക്ക് രക്ഷപ്പെടുകയായിരുന്നു.