

മേജർ രവി, ദാവൂദ് ഇബ്രാഹിം
പട്ടാളത്തിൽ നിന്നും വിരമിച്ച ശേഷം അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്ന് മേജർ രവി. ഒരു പ്രമുഖ മാധ‍്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര‍്യം വെളിപ്പെടുത്തിയത്.
സർവീസിൽ നിന്നും വിരമിച്ച ശേഷവും മുംബൈ ഭീകരാക്രമണം വ‍്യക്തിപരമായി വലിയ വേദനയായിരുന്നുവെന്നും അങ്ങനെയാണ് താൻ പദ്ധതി തയാറാക്കിയതെന്നും മേജർ രവി പറയുന്നു. എന്നാൽ കൊവിഡ് എല്ലാം നശിപ്പിച്ചു കളഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിൽ നിന്നും വാക്കാൽ അനുമതി ലഭിച്ചിരുന്നെന്നും ആരോട് സംസാരിച്ചുയെന്നതൊക്കെ സർക്കാരിന്‍റെ കാര‍്യങ്ങൾ ആയതിനാൽ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ ജീവിതത്തിലെ നടക്കാതെ പോയ സ്വപ്നമായിരുന്നു ആ ഓപ്പറേഷനെന്നു പറഞ്ഞ മേജർ രവി നിലവിൽ ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്യുന്നതിൽ പ്രസക്തിയില്ലെന്ന് കൂട്ടിച്ചേർത്തു. 'നമ്മുടെ രാജ‍്യത്തിന്‍റെ ശത്രു മറ്റൊരു രാജ‍്യത്ത് കിടപ്പുണ്ട്, അവനെ കൊല്ലാനുള്ള ഓപ്പറേഷനായിരുന്നു അത്.
ദാവൂദിന് വേണ്ടിയാണ് ഇറങ്ങിയത് എനിക്ക് അവനെ തീർക്കണമായിരുന്നു. ബോംബെയിൽ വന്ന് ഇത്രയും പേരെ കൊന്നിട്ട് ഇത്രയും കാലം ജീവിച്ചിരുന്നയാളെ വകവരുത്തുന്നത് ഇന്ത‍്യൻ പൗരൻ എന്ന നിലയിൽ എന്‍റെ വികാരമാണ്. പേപ്പറിലൊക്കെ കാണാറില്ലെ അജ്ഞാതൻ കൊല്ലപ്പെട്ടുയെന്ന്. അങ്ങനെയൊരു അജ്ഞാതൻ എന്ന നിലയിൽ അറിയപ്പെടാനായിരുന്നു ഞാൻ ആഗ്രഹിച്ചത്. പ്ലാനിങ് ഒക്കെ ഇന്‍ററസ്റ്റിങ് ആയിരുന്നു. പക്ഷേ അതൊന്നും നടന്നില്ല. ചിലപ്പോൾ അതിനുള്ള യോഗം ഉണ്ടാകില്ലായിരിക്കും'. അദ്ദേഹം പറഞ്ഞു.