
ഹൈദരാബാദ്: ത്രീ ഇഡിയറ്റ്സിലൂടെ പ്രശസ്തനായ താരം അഖിൽ മിശ്ര കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. 58 വയസ്സായിരുന്നു. ഭാര്യയും ജർമൻ അഭിനേത്രിയുമായ സുസൈൻ ബെർനേർട്ടിന്‍റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഹൈദരാബാദിലായിരുന്നു താരം.
താമസിച്ചിരുന്ന കെട്ടിടത്തിന്‍റെ ബാൽക്കണിയിൽ നിന്നും വീണാണ് മരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.
അമീർ ഖാന്‍റെ സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രമായ ത്രീ ഇഡിയറ്റ്സിൽ ലൈബ്രേറിയൻ ദുബായുടെ വേഷം അഖിൽ മിശ്രയെ പ്രശസ്തനാക്കിയിരുന്നു.
ഉത്തരാൺ, ഡോൺ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ആദ്യഭാര്യ മഞ്ജു മിശ്ര 1996ൽ മരണപ്പെട്ടതിനു ശേഷം 2011 ലാണ് അഖിൽ സുസൈനെ വിവാഹം ചെയ്തത്.