

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: താപചിത്രീകരണ സംവിധാനവും ലേസർ റേഞ്ച് ഫൈൻഡറുകളും ഉൾപ്പെടെ പ്രൊഫഷണൽ നിലവാരത്തിലുള്ള 10 ഡ്രോണുകളുമായി മൂന്ന് യാത്രക്കാരെ ഡൽഹി വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടികൂടി. 1.03 കോടി രൂപയിലധികം വിലമതിക്കുന്ന ഡ്രോണുകളാണ് പിടിച്ചെടുത്തത്.
സെപ്റ്റംബർ 25ന് വിയറ്റ്നാം വഴി ഹോങ്കോങ്ങിൽ നിന്ന് എത്തിയ യാത്രക്കാരെയാണ് പിടികൂടിയത്. യാത്രക്കാരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല. ഇന്‍റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗ്രീൻ ചാനൽ കടക്കുന്നതിനിടെയാണ് യാത്രക്കാരെ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞത്. ഇവരുടെ ബാഗുകൾ പരിശോധിച്ചപ്പോൾ 10 ഡ്രോണുകൾ, കൺട്രോളറുകൾ, കേബിളുകൾ, പ്രൊപ്പല്ലറുകൾ, ജോയ്സ്റ്റിക്കുകൾ എന്നിവ കണ്ടെത്തി.
ഡ്രോണുകൾ പ്രൊഫഷണൽ നിലവാരത്തിലുള്ളതാണെന്നും താപചിത്രീകരണ സംവിധാനവും ലേസർ റേഞ്ച് ഫൈൻഡറുകളും ഉള്ളതാണെന്നും സ്ഥിരീകരിച്ചു. സൈനിക/പ്രതിരോധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന നിലവാരത്തിലുള്ളതാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.