തിരുപ്പതി ലഡ്ഡുവിനായി 5 വർഷത്തിനിടെ നൽകിയത് 250 കോടിയുടെ വ്യാജ നെയ്

2019 മുതൽ 2024 വരെയുള്ള കാലയളവിലാണ് വ്യാജ നെയ് വിതരണം ചെയ്തതെന്ന് കോടതിയെ സിബിഐ അറിയിച്ചു
tirupati laddu

തിരുപ്പതി ലഡ്ഡുവിനായി അഞ്ച് വർഷത്തിനിടെ വാങ്ങിയത് 250 കോടിയുടെ നെയ്

Updated on

തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡു തയാറാക്കാൻ അഞ്ച് വർഷത്തിനിടെ നൽകിയത് 250 കോടി രൂപ വില മതിക്കുന്ന 68 ലക്ഷം കിലോഗ്രാം വ്യാജ നെയ്. 2019 മുതൽ 2024 വരെയുള്ള കാലയളവിലാണ് ഉത്തരാഖണ്ഡിലെ ഭോലെ ബാബ ഓർഗാനിക് ഡയറി കമ്പനി തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് വ്യാജ നെയ് വിതരണം ചെയ്തത് എന്നാണ് സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയത്.

അജയ് കുമർ സുഗന്ദിന്‍റെ അറസ്റ്റിനു പിന്നാലെയാണ് സിബിഐയുടെ നേതൃത്വത്തിലിള്ള പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. നെല്ലൂർ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച് പരാമർശമുള്ളത്. ബോലെ ബാബ ഡയറിയിലേക്ക് കെമിക്കലുകൾ വിതരണം ചെയ്തത് സുഗന്ദ് ആയിരുന്നു.

പോമിൽ ജെയിൻ, വിപിൻ ജെയിൻ എന്നിവർ ചേർന്നാണ് വ്യാജ നെയ് നിർമാണ യൂണിറ്റ് ആരംഭിക്കുന്നത്. തുടർന്ന് വ്യാജ രേഖകൾ ചമയ്ക്കുകയായിരുന്നു എന്നാണ് കണ്ടെത്തൽ. 2022 ൽ ഭോലെ ബാബ ഓർഗാനിക് ഫാം നെയ് വിതരണം ചെയ്യുന്നതിലുള്ള അനുമതി നിഷേധിക്കപ്പെട്ടിരുന്നു. എന്നാൽ, മറ്റ് കമ്പനികളെ മറയാക്കി തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള നെയ് വിതരണം ഇവർ തുടർന്നു പോരുകയായിരുന്നു.

തിരുപ്പതിയിലെ വൈഷ്ണവി ഡയറി, യുപിയിലെ മൽ ഗംഗ, തമിഴ്നാട്ടിലെ എആർ ഡയറി ഫുഡ്സ് തുടങ്ങിയ കമ്പനികളെ മറയാക്കിയാണ് വ്യാജ നെയ് വിതരണം ചെയ്തത്.

എആർ ഡയറി വഴി വിതരണം ചെയ്ത നാല് കണ്ടെയ്നർ നെയിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയതിനെ തുടർന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം തിരിച്ചയച്ചിരുന്നു. എന്നാൽ ഇത് വൈഷ്ണവി ഡയറിയിലൂടെ ക്ഷേത്രത്തിലേക്ക് തന്നെ തിരിച്ചെത്തി എന്നാണ് സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയത്.

2024 സെപ്റ്റംബറിൽ ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു മുൻ ഭരണക്കാലത്ത് ടിടിഡി ലഡ്ഡുവിൽ മൃഗക്കൊഴുത്ത് തെർത്തുവെന്ന് ആരോപിച്ചതോടെയാണ് വിവാദം തുടങ്ങുന്നത്. തുടർന്ന് കോടതി നിർദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com