
കോൽക്കത്ത: നടിയും തൃണമൂൽ കോൺഗ്രസ് എംപിയുമായ മിമി ചക്രവർത്തി ലോക്സഭാംഗത്വം രാജിവച്ചു. പാർട്ടി അധ്യക്ഷ മമത ബാനർജിക്കാണു രാജിക്കത്ത് നൽകിയത്. തൃണമൂലിന്‍റെ അനുമതി ലഭിച്ചാൽ ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകുമെന്നു മിമി.
2019ൽ ജാദവ്പുരിൽ നിന്നാണു മിമി തെരഞ്ഞെടുക്കപ്പെട്ടത്. പ്രാദേശിക നേതൃത്വവുമായുള്ള ഭിന്നതയാണ് തന്‍റെ രാജിക്കു കാരണമെന്നും രാഷ്‌ട്രീയം തനിക്കു പറ്റിയതല്ലെന്നു മനസിലായെന്നും അവർ. സന്ദേശ്ഖാലി അതിക്രമത്തിൽ മൗനം പാലിക്കുന്നതിനെ തൃണമൂൽ എംപിയും സുഹൃത്തുമായ നടി നുസ്രത് ജഹാൻ വിമർശനം നേരിടുന്നതിനിടെയാണു മിമിയുടെ രാജി. പാർലമെന്‍റിലെ ഹാജർ നിരക്ക് കുറഞ്ഞതിനും മോശം പ്രവർത്തനത്തിനും ഇരുവരും ഏറെ വിമർശിക്കപ്പെട്ടിരുന്നു.