മമത ബാനർജിക്ക് വൻ തിരിച്ചടി, തൃണമൂലിൽ നിന്ന് പുറത്താക്കിയ ഋതബ്രത ബാനർജി പ്രതിപക്ഷനേതാവ്

58 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് ഋതബ്രത ബുധനാഴ്ച സ്പീക്കറെ കണ്ടിരുന്നു
TMC Rebel Ritabrat Becomes Opposition Leader, Big Setback for Mamata

മമതാ ബാനർജി, ഋതബ്രത ബാനർജി

Updated on

കൊൽക്കത്ത: തെരഞ്ഞെടുപ്പിലെ വമ്പൻ പരാജയത്തിനു പിന്നാലെ തൃണമൂൽ കോൺഗ്രസിലും മമതാ ബാനർജിക്ക് വൻ തിരിച്ചടി. പാർട്ടിയിൽ നിന്ന് പുറത്താക്കിയ എംഎൽഎ ഋതബ്രത ബാനർജിയെ തൃണമൂലിന്‍റെ നിയമസഭാകക്ഷി നേതാവായി സ്പീക്കർ അംഗീകരിച്ചു. 58 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് ഋതബ്രത ബുധനാഴ്ച സ്പീക്കറെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് സ്പീക്കർ ഋതബ്രതയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ചത്.

ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ വിമത എംഎൽഎ സന്ദീപൻ സാഹയും മറ്റു വിമതരും ചേർന്ന് സ്പീക്കറെ നേരിൽ കണ്ട് 58 എംഎൽഎമാരുടെ പിന്തുണാ കത്തി കൈമാറി. കൂറുമാറ്റ നിരോധന നിയമപ്രകാരം പാർട്ടിയിൽ നിന്നു പിരിഞ്ഞുപോകുന്ന വിഭാഗത്തിന് അയോഗ്യത ഒഴിവാക്കാൻ നിയമസഭാ കക്ഷിയുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. നിയമസഭയിൽ ടിഎംസിക്ക് 80 എംഎൽഎമാരുള്ളതിനാൽ ആ പരിധി 54 ആണ്. 58 പേരുടെ പിന്തുണയുമായി വിമതർ ഇതിനെ മറികടക്കുകയായിരുന്നു.

അതിനിടെ മമത ബാനർജിയെ ലക്ഷ്യം വച്ചല്ല ഈ വിമത നീക്കം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്പീക്കർക്ക് നൽകിയ കത്തിൽ മമത ബാനർജി പാർട്ടിയുടെ ചെയർപേഴ്സനാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭാകക്ഷി നേതൃത്വത്തിനെതിരേയാണ് വിമതർ രംഗത്തെത്തിയത്. അതിനിടെ വിമത നീക്കത്തെ ടിഎംസി നേതൃത്വം വഞ്ചന എന്നാണ് വിശേഷിപ്പിച്ചത്. എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നെങ്കിൽ പാർട്ടിക്കുള്ളിൽ ചർച്ചചെയ്യണമായിരുന്നെന്നും പകരം അവർ പിന്നിൽ നിന്ന് കുത്തുകയാണ് ചെയ്തതെന്നും മുതിർന്ന നേതാവ് കുനാൽ ഘോഷ് പറഞ്ഞു. സോവൻദേബ് ചടോപാധ്യയെ പ്രതിപക്ഷ നേതാവ് ആക്കാനായിരുന്നു ടിഎംസിയുടെ നീക്കം. ഇതിനെതിരേ രംഗത്തെത്തിയതിനാണ് ഋതബ്രതയെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നത്.

logo
Metro Vaartha
www.metrovaartha.com