

ടോൾ ബൂത്തുകൾ ഇല്ലാതാകും; പുതിയ ടോൾനയം വരുന്നു
ഡൽഹി: രാജ്യത്ത് പുതിയ ടോൾ നയം 15 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരുമെന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇതോടെ, ടോളിനെക്കുറിച്ചുള്ള പരാതികൾ ഇല്ലാതാകുമെന്നു പറഞ്ഞ മന്ത്രി കൂടുതൽ കാര്യങ്ങൾ തത്കാലം വെളിപ്പെടുത്തുന്നില്ലെന്നും അറിയിച്ചു.
മേയ് ഒന്നുമുതൽ ഉപഗ്രഹാധിഷ്ഠിത ടോൾ സംവിധാനമാണു നിലവിൽ വരുന്നത്. ഇതുവഴി ടോൾ പ്ലാസയിൽ വാഹനങ്ങൾ നിർത്തിയിടേണ്ടിവരുന്നത് ഒഴിവാകും. സുഗമമായ യാത്രയ്‌ക്കും ഹൈവേകളിലെ തിരക്ക് കുറയ്‌ക്കുന്നതിനുമായാണ് പുതിയ സംവിധാനം. പുതിയ സംവിധാനത്തിലൂടെ വാഹനങ്ങൾ ഉപഗ്രഹങ്ങൾ വഴി ട്രാക്ക് ചെയ്യപ്പെടും.
വാഹനങ്ങളുടെ നമ്പർ പ്ലേറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് ടോൾ കുറയ്‌ക്കപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ധനം ലാഭിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്ന് നിതിൻ ഗഡ്‌കരി നേരത്തേ അറിയിച്ചിരുന്നു.