

പ്രഭാത് ദൻസാന
സ്വന്തം ലേഖകൻ
ലക്നൗ: കേരളത്തിൽ വന്ദേഭാരത് ട്രെയിനുകളുടെ വേഗം നിലവിലുള്ളതിൽ നിന്നു വർധിപ്പിക്കാൻ സാധിക്കില്ലെന്ന് റെയ്‌ൽവേ സാങ്കേതിക വിദഗ്ധർ. പാളങ്ങളുടെ വളവുകളും മറ്റു പരിമിതികളും സ്റ്റോപ്പുകളും വേഗത്തെ ബാധിക്കുന്നുണ്ട്. വളവുകൾ നിവർത്താൻ ഭൂമി ഏറ്റെടുക്കുന്നതിലെ താമസവും റെയ്ൽവേ വികസനത്തെ ബാധിക്കുന്നു.
ലക്നൗവിലെ റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്‌സ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ) സന്ദർശിച്ച മലയാളി മാധ്യമ സംഘത്തോട് സംസാരിക്കുകയായിരുന്നു ആർഡിഎസ്ഒയിലെ വിദഗ്ധർ. കേരളത്തിലെ നിലവിലെ സാഹചര്യത്തിൽ വന്ദേഭാരത് ട്രെയിനുകളുടെ വേഗം വർധിപ്പിക്കുന്നത് അപ്രായോഗികമാണ്.
ശരാശരി 90 കിലോമീറ്റർ വേഗത്തിലാണ് കേരളത്തിൽ വന്ദേഭാരത് ഓടുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ശരാശരി 140 കിലോമീറ്ററാണു വേഗം. കേരളത്തിൽ വേഗം കുറയാനുള്ള പ്രധാന കാരണങ്ങൾ പാളങ്ങളുടെ ഘടനയിലുള്ള വ്യത്യാസമാണ്. കേരളത്തിലെ പാളങ്ങളിൽ ധാരാളം വളവുകളുണ്ട്. അതിനാൽ ഉയർന്ന വേഗത്തിൽ (110–130 കിലോമീറ്ററിന് മുകളിൽ) ട്രെയ്ൻ ഓടിക്കുന്നത് സുരക്ഷിതമല്ല.
നിലവിലുള്ള സിഗ്നലിങ് സംവിധാനങ്ങൾ പരിമിതമാണ്. ട്രെയ്നുകൾക്ക് അനുവദിക്കുന്ന നിരന്തരമായ സ്റ്റോപ്പുകളും വേഗത്തെ ബാധിക്കുന്നു. പാളങ്ങൾ നവീകരിക്കുന്നതിലൂടെയും സിഗ്നലിങ് സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെയും ഭാവിയിൽ വേഗം കൂട്ടാം. അതിന് രാഷ്ട്രീയ തീരുമാനമാണ് ഉണ്ടാകേണ്ടത്.
ഇന്ത്യൻ റെയിൽവേയെ കൂടുതൽ സുരക്ഷിതവും വിശ്വസനീയവും കാര്യക്ഷമവും ഭാവി സജ്ജവുമാക്കുന്നതിന് പിന്നിൽ തുടർച്ചയായി പ്രവർത്തിക്കുന്ന ആർഡി എസ്ഒയുടെ പ്രവർത്തനങ്ങളും ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകർക്ക് വിശദീകരിച്ചു. റെയ്ൽവേ സാങ്കേതികവിദ്യ, സുരക്ഷ, പരീക്ഷണം, ആധുനികത്കരണം എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ മാധ്യമ പ്രവർത്തകർ ആർഡിഎസ്ഒ ഉദ്യോഗസ്ഥരുമായി സംവദിച്ചു. ആർഡിഎസ്ഒ ഡയറക്ടർ ജനറൽ പ്രഭാസ് ദൻസാന, മുതിർന്ന ഉദ്യോഗസ്ഥർ, പ്രസ് ഇൻഫൊർമേഷൻ ലക്നൗ ഡയറക്റ്റർ ദിലീപ് ശുക്ല, പിഐബി തിരുവനന്തപുരം ഡയറക്റ്റർ വി. പാർവതി , കൊച്ചി അസിസ്റ്റന്‍റ് ഡയറക്റ്റർ എസ്. എസ്. ലക്ഷ്മിപ്രിയ എന്നിവരും പങ്കെടുത്തു.