

അഭിജീത് ദിപ്കെ
ന്യൂഡൽഹി: കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) വെള്ളിയാഴ്ച നടത്താനിരിക്കുന്ന 'ലഹ്റാ ദോ തിരംഗ' മാർച്ചിന് മുന്നോടിയായി സെൻട്രൽ ഡൽഹിയിലെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ കൊണാട്ട് പ്ലേസിലും പരിസരത്തുമുള്ള റോഡുകളിൽ ഗതാഗതം തടസപ്പെടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് ഡൽഹി ട്രാഫിക് പൊലീസ് നിർദേശിച്ചു.
സൻസദ് മാർഗ്, ബാബ ഖരക് സിങ് മാർഗ്, ഷഹീദ് ഭഗത് സിങ് മാർഗ്, പഞ്ച്കുയാൻ റോഡ്, ബസന്ത് ലെയ്ൻ, ചെൽംസ്ഫോർഡ് റോഡ്, മിന്റോ റോഡ്, ബരാഖംബ റോഡ്, കസ്തൂർബ ഗാന്ധി മാർഗ്, ജൻപഥ്, റെയ്ൽ ഭവൻ, റാഫി മാർഗ്, സി ഹെക്സഗൺ, മണ്ഡി ഹൗസ്, പട്ടേൽ ചൗക്ക്, വിൻഡ്സർ പ്ലേസ്, ഗോൾ ഡഖാന, അശോക് റോഡ് (ജിപിഒ മുതൽ സി ഹെക്സഗൺ വരെ), തിലക് മാർഗ്, ടോൾസ്റ്റോയ് മാർഗ്, സിക്കന്ദർ റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണത്തിന് സാധ്യത. സാഹചര്യത്തിനനുസരിച്ച് ഗതാഗതം തിരിച്ചുവിടുമെന്നും യാത്രക്കാർ അധികസമയം കണക്കാക്കി യാത്ര ആസൂത്രണം ചെയ്യണമെന്നും പൊതുഗതാഗത സംവിധാനങ്ങൾ പരമാവധി ഉപയോഗിക്കണമെന്നും പൊലീസ് അറിയിച്ചു.
ഭരണപരമായ കാരണങ്ങളാൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും സെൻട്രൽ പാർക്കിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ലെന്ന് ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻഡിഎംസി) അറിയിച്ചു. പ്രതിഷേധം നടത്തുന്നതിൽ നിന്ന് സിജെപിയെ തടയണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി നിരസിച്ചതിന് പിന്നാലെയാണ് നടപടി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സിജെപിയും ഡൽഹി പൊലീസും തമ്മിൽ നിലനിൽക്കുന്ന തർക്കത്തിനിടെയാണ് മാർച്ച് പ്രഖ്യാപിച്ചത്. ഒക്റ്റോബർ 13ന് ജന്തർ മന്തറിൽ പ്രവേശിച്ചതിന് സിജെപി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതിനു പിന്നാലെയാണ് മാർച്ചിന് ആഹ്വാനം ചെയ്തത്.
മാർച്ചിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഡൽഹി പൊലീസ് ജനങ്ങളോട് അഭ്യർഥിച്ചു. എന്നാൽ, തെരഞ്ഞെടുത്ത ഒരു വിഭാഗം ആളുകൾക്ക് അനുയോജ്യമായ സ്ഥലത്ത് ദേശീയപതാക വീശാനും ദേശീയഗാനം ആലപിക്കാനും സൗകര്യമൊരുക്കാമെന്നും പൊലീസ് വ്യക്തമാക്കി.