

പാർലമെന്‍ററി സമിതികളുടെ അധ്യക്ഷ സ്ഥാനങ്ങളിൽ നിന്ന് പുറത്തായി തൃണമൂൽ കോൺഗ്രസ്
ന്യൂഡൽഹി: രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണനും ലോക്സഭാ സ്പീക്കർ ഓം ബിർളയും പാർലമെന്‍ററി സമിതികൾ പുനഃസംഘടിപ്പിച്ചപ്പോൾ തൃണമൂൽ കോൺഗ്രസിനു നഷ്ടം. രണ്ടു പാർലമെന്‍ററി സമിതികളുടെ അധ്യക്ഷ സ്ഥാനത്തു നിന്നു പാർട്ടി പ്രതിനിധികൾ പുറത്തായി.
വാണിജ്യകാര്യ പാർലമെന്‍ററി സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് ബിജെപിയുടെ സുധാംശു ത്രിവേദിയെത്തിയപ്പോൾ തൃണമൂൽ എംപി ഡോലാ സെന്നാണു പുറത്തായത്. വളം- രാസവസ്തു സമിതിയുടെ അധ്യക്ഷ സ്ഥാനത്തു നിന്നു തൃണമൂലിന്‍റെ കീർത്തി ആസാദിനെ മാറ്റി വിമത നേതാവ് കകോലി ഘോഷ് ദസ്തിദാറെ നിയമിച്ചു.
അതേസമയം, വ്യവസായം, ഭക്ഷ്യ- ഉപഭോക്തൃകാര്യം- പൊതുവിതരണം എന്നീ സമിതികളുടെ അധ്യക്ഷസ്ഥാനങ്ങളിൽ യഥാക്രമം ഡിഎംകെ എംപിമാരായ തിരുച്ചി ശിവയെയും കെ. കനിമൊഴിയെയും നിലനിർത്തി. ബിജെപി, ജെഡിയു, ടിഡിപി പ്രതിനിധികളും വിവിധ സമിതികളുടെ തലപ്പത്ത് തുടരും.
വിദേശകാര്യ സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് കോൺഗ്രസ് അംഗം ശശി തരൂരിനും കാർഷിക സമിതിയുടെ തലപ്പത്ത് ചരൺജീത് സിങ് ചന്നിക്കും വീണ്ടും അവസരം നൽകി. ബിജെപിയുടെ രാധാമോഹൻ സിങ്ങാണ് പ്രതിരോധകാര്യ സമിതിയുടെ അധ്യക്ഷൻ. റെയ്‌ൽവേയിൽ ബിജെപിയുടെ സുധീർ ഗുപ്തയെ മാറ്റി പാർട്ടിയുടെ തന്നെ സി.എം. രമേഷിനെ നിയമിച്ചു.