
ഇഡിയെ പേടിച്ച് മതിൽചാടിയ തൃണമൂൽ എംഎൽഎ പിടിയിൽ
കോൽക്കത്ത: പശ്ചിമ ബംഗാളിൽ സ്കൂളുകളിലെ നിയമനങ്ങളുടെ മറവിൽ കോടിക്കണക്കിനു രൂപ തട്ടിച്ചെന്ന കേസിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ കണ്ട് തൃണമൂൽ കോൺഗ്രസ് എംഎൽഎ വീടിന്‍റെ മതിൽചാടി രക്ഷപെട്ടു. പിന്തുടർന്ന ഉദ്യോഗസ്ഥർ സാഹസികമായി എംഎൽഎയെ പിടികൂടി. തൃണമൂൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്ന പുതിയ അഴിമതിക്കേസ് 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയപ്പോരിന് കളമൊരുക്കി.
അന്വേഷണ സംഘം എംഎൽഎയുടെ ബന്ധുക്കളുടെയും പിഎയുടെയും വീടുകളിലും പരിശോധന നടത്തുന്നുണ്ട്. ബർവാൻ മണ്ഡലത്തിൽ നിന്നുള്ള തൃണമൂൽ എംഎൽഎയായ ജിബൻ കൃഷ്ണ സാഹയുടെ മുർഷിദാബാദിലെ വസതിയിൽ ഇഡി ഉദ്യോഗസ്ഥർ റെയ്ഡിന് എത്തിയപ്പോഴാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. അന്വേഷണ സംഘത്തെ കണ്ട ജിബൻ കൃഷ്ണ മതിൽചാടി ഓടി. പിന്തുടർന്ന ഇഡി, സിആർപിഎഫ് ഉദ്യോഗസ്ഥർ സമീപത്തെ കൃഷിയിടത്തിൽ നിന്ന് എംഎൽഎയെ പിടികൂടി.
ചെളിപുരണ്ട വസ്ത്രവുമായി കൃഷിയിടത്തിലെ ചവറുകൂനയ്ക്ക് സമീപത്ത് നിന്ന് ഉദ്യോഗസ്ഥർക്കൊപ്പം ജിബൻ കൃഷ്ണ നടന്നുവരുന്ന വിഡിയൊ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. തെളിവു നശിപ്പിക്കുന്നതിന് ജിബൻ കൃഷ്ണ തന്‍റെ രണ്ടു മൊബൈൽ ഫോണുകളെ വീടിന് പിന്നിലെ കുളത്തിൽ എറിയുകയും ചെയ്തിരുന്നു. എന്നാൽ രണ്ടു ഫോണുകളും വീണ്ടെടുത്ത ഉദ്യോഗസ്ഥർ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് വ്യക്തമാക്കി.
പ്രൈമറി സ്കൂളുകളിലെ അധ്യാപകർ, ക്ലാസ് സി, ഡി ജീവനക്കാർ എന്നിവരുടെ നിയമനത്തിൽ വ്യാപക അഴിമതി നടത്തിയെന്നാണ് ജിബൻ കൃഷ്ണയ്ക്കെതിരായ കേസ്. സിബിഐയുടെ ചുവടുപിടിച്ചാണ് ഇഡിയും കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ മുൻ വിദ്യാഭ്യാസ മന്ത്രി പാർഥ് ചാറ്റർജി, മുൻ തൃണമൂൽ എംഎൽഎ മണിക് ഭട്ടാചാര്യ എന്നിവരടക്കമുള്ള പ്രമുഖരെ അറസ്റ്റ് ചെയ്തിരുന്നു. 2023ൽ ജിബൻ കൃഷ്ണ സാഹയെ സിബിഐ അറസ്റ്റ് ചെയ്തെങ്കിലും ഇയാൾ ജാമ്യത്തിൽ ഇറങ്ങിയിരുന്നു.