

മമത ബാനർജി, അഭിഷേക് ബാനർജി
കോൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ‍്യമന്ത്രി മമതാ ബാനർജിയെ ഉൾപ്പെടുത്താതെ തൃണമൂൽ ദേശീയ പ്രവർത്തക സമിതി രൂപീകരിച്ച് വിമതർ. ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമതരാണ് ഇത്തരത്തിലുള്ള നീക്കം നടത്തിയിരിക്കുന്നത്. പുതിയ ഭാരവാഹികൾ അടങ്ങിയ 30 അംഗ സമിതിയെയും തെരഞ്ഞെടുത്തിട്ടുണ്ട്.
ഹൗറയിൽ നിന്നുള്ള എംഎൽഎ അരൂപ് ചക്രവർത്തിയാണ് സമതിയുടെ അധ‍്യക്ഷൻ. അരൂപ് ബിശ്വാസ്, ഫിർഹാദ് ഹക്കീം, സബീനാ യാസ്മിൻ എന്നിവരെ ഉപാധ‍്യക്ഷനായും ഋതബ്രത, ജാവേദ് ഖാൻ, സന്ദീപ് സാഹ എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. മമതയെ കൂടാതെ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെയും ഒഴിവാക്കി.
പാർട്ടിയുടെ നിയമാവലി പ്രകാരം മൂന്നു വർഷത്തിലൊരിക്കൽ ദേശീയ പ്രവർത്തക സമിതി പുനസംഘടിപ്പിക്കണമെന്നും എന്നാൽ 2022നു ശേഷം അതുണ്ടായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിമതർ യോഗം വിളിച്ചു കൂട്ടിയത്.