
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും
File image
ന്യൂഡൽഹി: വ്യാപാര തർക്കങ്ങൾ പരിഹരിക്കാൻ ചർച്ച തുടരുമെന്നു യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും സ്വാഗതം ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയതോടെ തീരുവയുദ്ധത്തിൽ വീണ്ടും പ്രതീക്ഷ. എന്നാൽ, തൊട്ടുപിന്നാലെ ഇന്ത്യയ്ക്കെതിരായ തീരുവ ഉയർത്താൻ യൂറോപ്യൻ യൂണിയനോടു ട്രംപ് ആവശ്യപ്പെട്ടത് വീണ്ടും കല്ലുകടിയുണ്ടാക്കി.
അടുത്ത സുഹൃത്തായ മോദിയുമായി വരും ആഴ്ചകളിൽ സംസാരിക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾക്കു സ്വീകാര്യമായ പരിഹാരമുണ്ടാകാൻ ബുദ്ധിമുട്ടില്ലെന്നുമായിരുന്നു ഇന്നലെ രാവിലെ ട്രംപിന്‍റെ പ്രസ്താവന. ഇന്ത്യയും യുഎസും സ്വാഭാവിക പങ്കാളികളെന്ന് പ്രതികരിച്ച മോദി വ്യാപാരക്കരാർ പൂർത്തികരിക്കാൻ ഇരുപക്ഷവും ശ്രമിക്കുമെന്നു മറുപടി നൽകി.
ചർച്ചകൾ ഏറ്റവും പെട്ടെന്ന് പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണെന്നും ട്രംപിനോടു സംസാരിക്കുന്നത് താനും കാത്തിരിക്കുകയാണെന്നും മോദി സമൂഹമാധ്യമത്തിൽ പറഞ്ഞു. നാലു ദിവസത്തിനിടെ രണ്ടാം തവണയായിരുന്നു ട്രംപും മോദിയും സമൂഹമാധ്യമത്തിലൂടെ ആശയവിനിമയം നടത്തുന്നത്.
എന്നാൽ, ഇതിനു പിന്നാലെ ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരേ 100 ശതമാനം തീരുവ ചുമത്താൻ ട്രംപ് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടു. റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇരുരാജ്യങ്ങൾക്കും പിഴ ഏർപ്പെടുത്തണമെന്നാണു ട്രംപിന്‍റെ ആവശ്യം. റഷ്യയിൽനിന്നും എണ്ണ വാങ്ങുന്നതിനാലാണ് ഇന്ത്യയ്ക്ക് യുഎസ് 50% തീരുവ ഏർപ്പെടുത്തിയത്. യുക്രെയ്നുമായി യുദ്ധം ചെയ്യാൻ റഷ്യയുടെ പ്രധാന വരുമാന സ്രോതസ് ഈ പണമാണെന്നാണ് ട്രംപിന്‍റെ വാദം.