ഇന്ത്യക്കു നേരേ വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്

അമെരിക്കയുമായുള്ള വ്യാപാര കരാര്‍ ഈ ആഴ്ച അന്തിമമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യക്കു മേല്‍ അമെരിക്ക 20-25 ശതമാനം വരെ ഉയര്‍ന്ന തീരുവ ചുമത്തുമെന്നു യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്
Trump tariff threat on India again

ഡോണൾഡ് ട്രംപ്

Updated on

വാഷിങ്ടണ്‍: അമെരിക്കയുമായുള്ള വ്യാപാര കരാര്‍ ഈ ആഴ്ച അന്തിമമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യക്കു മേല്‍ അമെരിക്ക 20-25 ശതമാനം വരെ ഉയര്‍ന്ന തീരുവ ചുമത്തുമെന്നു യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. വിവിധ രാജ്യങ്ങള്‍ക്കുമേല്‍ യുഎസ് താരിഫ് ചുമത്തുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് 1ന് അവസാനിക്കാനിരിക്കവേയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

20% മുതല്‍ 25% വരെ താരിഫ് ഏര്‍പ്പെടുത്താനുള്ള സാധ്യതയെക്കുറിച്ച് ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ 'ഇന്ത്യ വ്യാപാര കരാര്‍ അന്തിമമാക്കിയിട്ടില്ലെന്ന് ' ട്രംപ് മറുപടി നല്‍കി. 'ഇന്ത്യ എന്‍റെ സുഹൃത്താണ്. എന്‍റെ അഭ്യര്‍ഥനപ്രകാരമാണ് അവര്‍ പാക്കിസ്ഥാനുമായുള്ള യുദ്ധം അവസാനിപ്പിച്ചത്... പക്ഷേ ഇന്ത്യ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ താരിഫ് ഈടാക്കുന്നുണ്ട് ' ട്രംപ് പറഞ്ഞു.

വാഷിങ്ടണും ന്യൂഡൽഹിയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന വ്യാപാര ചർച്ചകളെക്കുറിച്ച് ട്രംപ് നേരത്തെ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു. ചർച്ചകളെ "പ്രതീക്ഷ നൽകുന്നവ" എന്നും അന്തിമഫലം അമേരിക്കക്ക് വളരെ നല്ലതായിരിക്കുമെന്നും പറഞ്ഞിരുന്നു.

ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്കുമേല്‍ ട്രംപ് ഭരണകൂടം ഈ വര്‍ഷം ഏപ്രില്‍ 10 മുതല്‍ 'റെസിപ്രോക്കല്‍ താരിഫ് ' ചുമത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഏപ്രില്‍ 9ന് 90 ദിവസത്തേയ്ക്കു സമയപരിധി നീട്ടിയിരുന്നു. ജൂലൈ 9ന് സമയപരിധി അവസാനിച്ചു. എന്നാല്‍ ഓഗസ്റ്റ് 1 വരെ സമയപരിധി വീണ്ടും നീട്ടുകയായിരുന്നു. ഇതിനിടയില്‍ ഒരു കരാറിലെത്താന്‍ ഇന്ത്യയ്ക്കും അമെരിക്കയ്ക്കും സാധിച്ചിരുന്നില്ല.

അതേസമയം യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ഇന്തൊനേഷ്യ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ യുഎസ്സുമായി ഒരു പരിധി വരെ കരാറില്‍ എത്തിയിട്ടുമുണ്ട്. ഇന്ത്യന്‍ വിപണിയിലേക്കു കൂടുതല്‍ യുഎസ് ഉത്പന്നങ്ങള്‍ എത്തിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. എന്നാല്‍ ക്ഷീര, കാര്‍ഷിക വിപണി തുറന്നു കൊടുക്കാന്‍ ഇന്ത്യ തയ്യാറല്ല. ഇതാണ് ഇരുരാജ്യങ്ങള്‍ക്കും കരാര്‍ അന്തിമമാക്കാന്‍ സാധിക്കാതെ വന്നത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍, ട്രംപ് ഇന്ത്യയുടെ ദീര്‍ഘകാല വ്യാപാര രീതികളെയും വിദേശനയങ്ങളെയും, പ്രത്യേകിച്ച് റഷ്യയുമായുള്ള അടുത്ത ബന്ധത്തെയും വിമര്‍ശിച്ചു. റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ആയുധങ്ങള്‍ക്കും എണ്ണയ്ക്കും ഇന്ത്യ അധിക പിഴ നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

റഷ്യയുമായുള്ള ഇന്ത്യയുടെ സൈനിക, ഊര്‍ജ്ജ പങ്കാളിത്തം തുടരുന്നതിനെപ്പറ്റിയും ട്രംപ് കുറിപ്പില്‍ എടുത്തു പറഞ്ഞു. യുക്രെയ്‌നിലെ യുദ്ധത്തിന്‍റെ പേരില്‍ മോസ്‌കോയെ ഒറ്റപ്പെടുത്താനുള്ള ആഗോള ശ്രമങ്ങളുമായി പൊരുത്തപ്പെടുന്നവയല്ല അതെന്നും ട്രംപ് ചൂണ്ടിക്കാണിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com