
ട്രംപിന്‍റെ തീരുവ: നേരിടാനാകുമെന്ന് വിലയിരുത്തി കേന്ദ്രം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം തീരുവ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കില്ലെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍. ജിഡിപി നഷ്ടം 0.2 ശതമാനത്തില്‍ (330.68 ലക്ഷം കോടി രൂപ) കൂടാന്‍ സാധ്യതയില്ലെന്നാണു കണക്കാക്കുന്നത്. ഇത് ഇന്ത്യയ്ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും വിലയിരുത്തുന്നുണ്ട്.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരം 131.8 ബില്യണ്‍ ഡോളറിന്‍റേതായിരുന്നു. ഇതില്‍ 86.5 ബില്യണ്‍ ഡോളര്‍ കയറ്റുമതിയും 45.3 ബില്യണ്‍ ഡോളര്‍ ഇറക്കുമതിയും ഉള്‍പ്പെടുന്നു. യുഎസിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയുടെ ഒരു പ്രധാന ഭാഗം ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടുന്നതാണ്. ഇവ ഇളവ് ലഭിക്കുന്ന വിഭാഗത്തിലുള്ളവയുമാണ്.
അതേസമയം, ഈ മാസം ഒന്നു മുതൽ അധിക തീരുവയെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഏഴിനേ ഇതു പ്രാബല്യത്തിലാകൂ. ഇതു സംബന്ധിച്ച എക്‌സിക്യൂട്ടിവ് ഉത്തരവ് വൈറ്റ് ഹൗസ് പുറത്തിറക്കി. ലോകത്തെ 70ഓളം രാജ്യങ്ങള്‍ക്ക് ചുമത്തുന്ന താരിഫ് നിരക്കുകള്‍ ഇന്നലെ ട്രംപ് പ്രഖ്യാപിച്ചു. 10 ശതമാനം മുതല്‍ 40 ശതമാനം വരെയാണ് വിവിധ രാജ്യങ്ങള്‍ക്ക് ചുമത്തിയിരിക്കുന്ന താരിഫ് നിരക്കുകള്‍.
സിറിയയ്ക്ക് 41 ശതമാനവും ബ്രസീലിന് 10 ശതമാനവും ജപ്പാന് 15 ശതമാനവും പാക്കിസ്ഥാന് 19 ശതമാനവുമാണ്. ബ്രസീലില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 50% തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്നലെ പുറത്തിറക്കിയ ഉത്തരവില്‍ 10% മാത്രമായിരുന്നു ഈടാക്കുമെന്ന് അറിയിച്ചത്.
വ്യാപാരക്കരാർ: കാർഷിക, ക്ഷീരമേഖലയിൽ വിട്ടുവീഴ്ചയില്ല
യുഎസുമായുള്ള വ്യാപാര കരാറില്‍ കാര്‍ഷിക, ക്ഷീര മേഖലയ്ക്കു നികുതി ഇളവ് അനുവദിക്കില്ലെന്ന് ഇന്ത്യ ആവര്‍ത്തിച്ചു. മാർച്ചിൽ ആരംഭിച്ച് ഇതേവരെ അഞ്ചു ചർച്ചകൾ യുഎസുമായി നടത്തി. ആറാം റൗണ്ട് ചര്‍ച്ച ഈ മാസം അവസാനത്തോടെ നടക്കും. ഇന്ത്യയുടെ ജിഡിപിയില്‍ കൃഷിയും അനുബന്ധ മേഖലകളും 20 ശതമാനത്തില്‍ താഴെ മാത്രമേ സംഭാവന ചെയ്യുന്നുള്ളൂ.
എങ്കിലും രാജ്യത്തെ 144 കോടി ജനസംഖ്യയുടെ പകുതിയോളം പേര്‍ നേരിട്ടോ അല്ലാതെയോ ഈ മേഖലകളിലാണു ജോലി ചെയ്യുന്നതും. ട്രംപിന്‍റെ പ്രഖ്യാപനത്തിനു ശേഷവും ഇന്ത്യയുടെ പ്രതികരണം കരുതലോടെയാണ്. നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മുന്നേറിയത്. അത് പരസ്പര ബഹുമാനത്തില്‍ നങ്കൂരമിട്ടിരിക്കുനെന്നു വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.