
സിംഗപ്പൂർ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കെതിരേ അമിത ചുങ്കം ചുമത്തിയതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. സിംഗപ്പൂരിൽ ക്രെഡായ് നാറ്റ്കോൺ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രംപിന്‍റെ താരിഫ് ഇന്ത്യയെ ബാധിച്ചു. ആളുകളുടെ ജോലി നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. നയതന്ത്ര സ്വഭാവത്തിന്‍റെ രീതികൾക്ക് ബഹുമാനം നൽകുന്ന പ്രകൃതമല്ല ട്രംപിന്‍റേതെന്നും തരൂർ പറഞ്ഞു. സൂററ്റിലെ ആഭരണ, വജ്ര മേഖലയിലും കടൽവിഭവങ്ങളുടെ മേഖലയിലും ലക്ഷണക്കണക്കിന് പേരുടെ ജോലിയാണ് പോയിരിക്കുന്നതെന്നും തരൂർ കൂട്ടിച്ചേർത്തു. അദ്ദേഹത്തിനു മുൻപ് 44,45 പ്രസിഡന്‍റുമാർ വന്നു പോയിട്ടുണ്ട്. അവരാരും ഇത്തരത്തിൽ പെരുമാറിയിട്ടില്ല.
ട്രംപ് അസ്വാഭാവികമായി പെരുമാറുന്ന പ്രസിഡന്‍റ് ആണെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ലോക നേതാവ് താൻ നൊബേൽ പുരസ്കാരത്തിന് അർഹനാണെന്ന് പറഞ്ഞിട്ടുണ്ടോ? അതു കൊണ്ടു തന്നെ ട്രംപിന്‍റെ പെരുമാറ്റം മുൻനിർത്തി ഞങ്ങളുടെ പ്രകടനത്തെ വിധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
താരിഫ് ഇന്ത്യൻ സാമ്പത്തിക മേഖലയെ വേദനിപ്പിച്ചിട്ടുണ്ട്. അര മുറുക്കി മുന്നോട്ടു പോകുകയെന്നല്ലാതെ മറ്റൊരു വഴിയും ഇന്ത്യക്കില്ല. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന എല്ലാ രാജ്യങ്ങളോടും യുഎസ് ഒരു പോലെ പെരുമാറണമെന്നും തരൂർ കൂട്ടിച്ചേർത്തു.