

ഒസ്മാൻ ഹാദി
ധാക്ക: ബംഗ്ലാദേശിലെ ജെൻ സി നേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതികളെന്ന് സംശയിക്കുന്ന 2 പേർ ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലാദേശ് പൊലീസ്. കൊലപാതകത്തിന് ശേഷം മേഘാലയ അതിർത്തിയിലൂടെ ഇവർ രാജ്യത്ത് പ്രവേശിച്ചതായാണ് വിവരം. ബംഗ്ലാദേശി മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തു വിട്ടത്. എന്നാല്‍ ഇക്കാര്യം മേഘാലയ പൊലീസും ഇന്ത്യന്‍ അതിര്‍ത്തി സുരക്ഷാസേനയും (ബിഎസ്എഫ്) നിഷേധിച്ചു.
പ്രതികളെന്ന് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്, ആലംഗീർ ഷെയ്ഖ് എന്നിവർ പ്രാദേശിക സഹായത്തോടെ അതിർത്തി കടന്നതായി സംശയിക്കുന്നുവെന്ന് അഡീഷണൽ കമ്മിഷണർ എസ്.എൻ. നസ്‌റുൾ ഇസ്‌ലാം വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതിർത്തി കടന്ന ഇവരെ പുർതി എന്നുപേരുള്ള ആളാണ് സ്വീകരിച്ചത്. ഫൈസലിനെയും ആലംഗീറിനെയും സഹായിച്ചവരെ ഇന്ത്യൻ അധികൃതർ കസ്റ്റഡിയിൽ എടുത്തുവെന്ന് അനൗദ്യോഗിക വിവരമുണ്ട്.
ഫൈസലിനെയും ആലംഗീറിനെയും അറസ്റ്റ് ചെയ്യാനും ശേഷം കൈമാറാനുമായി ഇന്ത്യൻ അധികൃതരുമായി ഔദ്യോഗികമായും അനൗദ്യോഗികമായും ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വാർത്താ സമ്മേളത്തിൽ പ്രതികരിച്ചു.
ഡിസംബര്‍ 12ന് മധ്യ ധാക്കയിലെ ബിജോയ്‌നഗര്‍ പ്രദേശത്ത് ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഹാദിയുടെ തലയ്ക്കു വെടിയേറ്റത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്കു കൊണ്ടുപോയെങ്കിലും അവിടെ വച്ച് ഡിസംബര്‍ 18ന് ഹാദി മരിച്ചു.
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരേ രൂപപ്പെട്ട ഇങ്ക്വിലാബ് മഞ്ചിന്‍റെ ഭാഗമായിരുന്നു ഒസ്മാന്‍ ഹാദി. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ബംഗ്ലാദേശില്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ഹാദി മത്സരിക്കാനിരിക്കുകയായിരുന്നു. ഇതിനു വേണ്ടിയുള്ള പ്രചാരണത്തിലേര്‍പ്പെട്ടിരിക്കുമ്പോഴാണ് വെടിയേറ്റത്.