
മധ്യപ്രദേശിൽ പൊലീസുമായി ഏറ്റുമുട്ടൽ; രണ്ട് വനിതാ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
file image
ഭോപ്പാൽ: മധ്യപ്രദേശിലെ മാണ്ട്‌ല ജില്ലയിൽ ബുധനാഴ്ച രാവിലെ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് വനിതാ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഇവരുടെ തലയ്ക്ക് മധ്യപ്രദേശ് സർക്കാർ 14 ലക്ഷം രൂപ വീതം പ്രതിഫലം പ്രഖ്യാപിച്ചിരുന്നെന്നു മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു.
മധ്യപ്രദേശ്-മഹാരാഷ്ട്ര-ഛത്തീസ്ഗഢ് മാവോയിസ്റ്റ് മേഖലയിലെ കെബി (കൻഹ ഭോറാംദേവ്) ഡിവിഷനിലെ ഭോറാംദേവ് ഏരിയ കമ്മിറ്റിയിൽ പെട്ടവരായിരുന്നു കൊല്ലപ്പെട്ട രണ്ട് വനിതാ നക്സലൈറ്റുകളെന്നു മധ്യപ്രദേശ് പൊലീസ് അറിയിച്ചു.
ബിച്ചിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണു വെടിവയ്പ്പ് നടന്നതെന്നു ഡയറക്ടർ ജനറൽ പോലീസ് (ഡിജിപി) കൈലാഷ് മക്വാന പറഞ്ഞു. ഒരു സെൽഫ് ലോഡിങ് റൈഫിള്‍, ഒരു ഓർഡിനറി റൈഫിള്‍, ഒരു വയർലെസ് സെറ്റ്, ദൈനംദിന ഉപയോഗത്തിനുള്ള ചില വസ്തുക്കള്‍ തുടങ്ങിയവ സംഭവസ്ഥലത്തുനിന്നും കണ്ടെടുത്തു. മറ്റ് നക്സലൈറ്റുകൾക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്നു ഡിജിപി പറഞ്ഞു.
കൻഹ ദേശീയോദ്യാനത്തിലെ മുന്ദിദാദർ-ഗണേരിദാദർ-പർസതോള വനമേഖലയിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന ഇന്‍റലിജൻസ് വിവരത്തെത്തുടർന്നാണു സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചത്. എന്നാൽ സുരക്ഷാ സേനയ്ക്കു നേരേ മാവോയിസ്റ്റുകൾ വെടിയുതിർത്തു. ഇതേ തുടർന്നു സുരക്ഷാസേന നടത്തിയ ശക്തമായി തിരിച്ചടിയിലാണ് രണ്ട് വനിതാ നക്സലൈറ്റുകൾ കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട നക്സലൈറ്റുകളിൽ ഒരാൾ മഹാരാഷ് ട്രയിലെ ഗഡ്ചിരോളി ജില്ലയിലെ കരോച്ചി പൊലീസ് സ്റ്റേഷന് കീഴിലുള്ള മുർക്കുടിയിൽ താമസിക്കുന്ന കെബി ഡിവിഷനിലെ രാകേഷ് ഒഡിയുടെ ഭാര്യ മംമ്ത എന്ന രമാബായി ആണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരിൽ നിന്ന് ഒരു സിംഗിൾ ഷോട്ട് റൈഫിൾ കണ്ടെടുത്തു.
പ്രമീളയാണു കൊല്ലപ്പെട്ട മറ്റൊരു നക്‌സലൈറ്റ്. ഇവരിൽ നിന്ന് ഒരു എസ് എൽആർ കണ്ടെടുത്തു,
ഒന്നര മാസത്തിനിടെ രണ്ട് ഏറ്റുമുട്ടലുകളിലായി മധ്യപ്രദേശിൽ ആറ് മാവോയിസ്റ്റുകളാണു കൊല്ലപ്പെട്ടതെന്നു പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.