ശിവസേനാ ചിഹ്നം: എന്തു പറയും സുപ്രീം കോടതി ?

താക്കറെ വിഭാഗം നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി വാദം കേൾക്കാൻ വച്ചിരിക്കുന്നു. ഇതിൽ പരമോന്നത കോടതി എന്തു പറയുന്നുവെന്നത് താക്കറെ മാത്രമല്ല പ്രതിപക്ഷം മുഴുവൻ ഉറ്റുനോക്കുന്നുണ്ട്.
ശിവസേനാ ചിഹ്നം: എന്തു പറയും സുപ്രീം കോടതി ?

ഇ. ആർ. വാരിയർ

ഒരു ചിഹ്നത്തിൽ എന്തിരിക്കുന്നു എന്നൊക്കെ കേൾക്കുന്നവർക്കു സിംപിളായി ചോദിക്കാം. എന്നാൽ, അത് അത്ര സിംപിളായി ഉദ്ധവ് താക്കറെയ്ക്കു തോന്നുന്നില്ല. ശിവസേനയുടെ തെരഞ്ഞെടുപ്പു ചിഹ്നമായ "അമ്പും വില്ലും' മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശിവസേനാ ഗ്രൂപ്പിന് അനുവദിച്ച തെരഞ്ഞെടുപ്പു കമ്മിഷനെതിരേ ഇത്ര കടുപ്പത്തിൽ താക്കറെ രംഗത്തുവന്നത് അതുകൊണ്ടാണ്. കമ്മിഷൻ പിരിച്ചുവിടണമെന്നാണല്ലോ അദ്ദേഹം പറഞ്ഞുവച്ചിരിക്കുന്നത്.‌ കമ്മിഷൻ ബിജെപിക്കു വേണ്ടി പ്രവർത്തിക്കുന്നുവെന്നാണ് താക്കറെ പറയുന്നത്. മുൻകൂട്ടി ആസൂത്രണം ചെയ്ത ഗൂഢപദ്ധതിയാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. പാർട്ടിയുടെ പേരും ചിഹ്നവും ഷിൻഡെ വിഭാഗത്തിന് അനുവദിച്ചതിനു പിന്നിൽ രണ്ടായിരം കോടി രൂപയുടെ ഇടപാടു നടന്നിട്ടുണ്ടെന്ന ആരോപണവും താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത് ഉന്നയിച്ചിരുന്നു. മുഴുവൻ ഭരണഘടനാ സ്ഥാപനങ്ങളെയും ബിജെപിയും കേന്ദ്ര സർക്കാരും ദുർബലമാക്കുന്നുവെന്ന് പ്രതിപക്ഷ കക്ഷികൾ തുടർച്ചയായി ആരോപിച്ചുവരുന്നുണ്ട്. അതിനിടയിലാണ് താക്കറെ തെരഞ്ഞെടുപ്പു കമ്മിഷനെതിരേ തിരിയുന്നതും.

തെരഞ്ഞെടുപ്പു കമ്മിഷന്‍റെ വിശ്വാസ്യതയ്ക്കു മേൽ കരിനിഴൽ വീഴ്ത്തുന്ന ഇത്തരം ആരോപണങ്ങൾ ജനാധിപത്യത്തെ ദുർബലമാക്കുന്നതാണെന്ന വാദം ഒരു വശത്തുണ്ട്. നേരത്തേ, ബിജെപി ജയിക്കുന്നത് വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്തിയാണെന്ന ആരോപണം പ്രതിപക്ഷ പാർട്ടികൾ  ഉന്നയിച്ചിരുന്നത് ഓർക്കുക. അതു നിഷേധിച്ചു രംഗത്തു വന്ന തെരഞ്ഞെടുപ്പു കമ്മിഷൻ ആരോപണം തെളിയിക്കാൻ ബന്ധപ്പെട്ട കക്ഷികളോട് ആവശ്യപ്പെടുകയുമുണ്ടായി. കമ്മിഷന്‍റെയും വോട്ടിങ് യന്ത്രങ്ങളുടെയും വിശ്വാസ്യത തകർക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തെ മോശമായി ചിത്രീകരിക്കാൻ ഇടവരുമെന്നായിരുന്നു പ്രതിപക്ഷ ആരോപണങ്ങളോടുള്ള ബിജെപിയുടെ പ്രതികരണം. എന്തായാലും താക്കറെയ്ക്ക് ഇന്നൊരു നിർണായക ദിവസമാണ്. ഷിൻഡെയുടെ ഗ്രൂപ്പിനെ യഥാർഥ ശിവസേനയായി അംഗീകരിച്ച് പാർട്ടി ചിഹ്നം നൽകിയ തെരഞ്ഞെടുപ്പു കമ്മിഷന്‍റെ തീരുമാനത്തിനെതിരേ താക്കറെ വിഭാഗം നൽകിയ ഹർജി ഇന്ന് ഉച്ചകഴിഞ്ഞു സുപ്രീം കോടതി വാദം കേൾക്കാൻ വച്ചിരിക്കുന്നു. ഇതിൽ പരമോന്നത കോടതി എന്തു പറയുന്നുവെന്നത് താക്കറെ മാത്രമല്ല പ്രതിപക്ഷം മുഴുവൻ ഉറ്റുനോക്കുന്നുണ്ട്.

മഹാരാഷ്ട്രയിലെ വിശാല സഖ്യം സർക്കാരിനെ പൊളിച്ചാണല്ലോ ഷിൻഡെ ബിജെപിയോടു ചേർന്ന് മുഖ്യമന്ത്രിയായി ഭരിക്കുന്നത്. താക്കറെ കുടുംബത്തെ വിട്ട് ശിവസേനാ എംഎൽഎമാർ കൂട്ടത്തോടെ ഷിൻഡെയ്ക്കൊപ്പം പോയത് ശരിക്കും രാഷ്ട്രീയ അത്ഭുതം തന്നെയായിരുന്നു; അതും ആ കേഡർ പാർട്ടിയുടെ മുഖ്യമന്ത്രിയായി ഉദ്ധവ് തന്നെ കസേരയിലിരിക്കുമ്പോൾ. പാർട്ടി സ്ഥാപകൻ ബാൽ താക്കറെയുടെ പുത്രന് പാർട്ടി നേതാക്കളിൽ അത്രയേ സ്വാധീനമുണ്ടായിരുന്നുള്ളൂ എന്നാണ് ഇതോടെ തെളിഞ്ഞത്. ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിന് രാഷ്ട്രീയ പോരാട്ടത്തിൽ ഉദ്ധവിനെ വീഴ്ത്താനായെന്നു പൊതുവേ വിലയിരുത്തപ്പെട്ടു.

ഇപ്പോൾ ശരിയായ ശിവസേന താക്കറെ കുടുംബത്തിന്‍റേതല്ല എന്നു കമ്മിഷൻ തീരുമാനിക്കുക കൂടി ചെയ്തത് ഉദ്ധവിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടി തന്നെയാണ്. ആ തിരിച്ചടി മറാത്താ രാഷ്ട്രീയത്തിൽ ഇപ്പോൾ പ്രതിപക്ഷത്തിനുണ്ടാവുന്ന തിരിച്ചടിയുമാണല്ലോ. ബാൽ താക്കറെയുടെ ആശയങ്ങളുമായി പ്രവർത്തിക്കുന്ന യഥാർഥ ശിവസേന ഷിൻഡെയുടേതാണെന്നാണു ബിജെപി അവകാശപ്പെട്ടുകൊണ്ടിരുന്നത്. അത് തെരഞ്ഞെടുപ്പു കമ്മിഷനും അംഗീകരിച്ചിരിക്കുന്നു എന്നത്രേ അവരുടെ അവകാശവാദം. കോൺഗ്രസിനെതിരേയായിരുന്നു ബാൽ താക്കറെയുടെ പോരാട്ടം. ‌അതിന് അദ്ദേഹം ബിജെപിയോടു ചേർന്നായിരുന്നു നിലയുറപ്പിച്ചതും. എന്നാൽ, മുഖ്യമന്ത്രിക്കസേരയ്ക്കു വേണ്ടി ആദർശം ബലികഴിച്ചാണ് ഉദ്ധവ് കോൺഗ്രസിനോടു ചേർന്നതെന്ന് ബിജെപി ആരോപിക്കുന്നു. അതേസമയം, ഷിൻഡെ അടക്കം ബിജെപി പക്ഷത്തേക്കു ചാടിയ പലരും ഉദ്ധവ് താക്കറെ സർക്കാരിലെ മന്ത്രിമാരായിരുന്നു എന്നത് സൗകര്യപൂർവം മറക്കുകയും ചെയ്യുന്നു. ഏറെ പ്രാധാന്യമുള്ള നഗര വികസന മന്ത്രാലയമാണ് ഉദ്ധവ് സർക്കാരിൽ മന്ത്രിയായപ്പോൾ ഏകനാഥ് ഷിൻഡെയ്ക്കു കിട്ടിയിരുന്നത്. അവിടെയിരുന്നാണ് അദ്ദേഹം ബിജെപി പക്ഷത്തേക്കു കൂടു മാറാനുള്ള തന്ത്രങ്ങൾ ആവിഷ്കരിച്ചതും.

എന്തായാലും അന്തിമ വിധി ജനങ്ങളുടെ കോർട്ടിലാണ്. അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പു മാത്രമല്ല നിയമസഭാ തെരഞ്ഞെടുപ്പും നടക്കണം മഹാരാഷ്ട്രയിൽ. അതിനു മുൻപ് ഈ വർഷം തന്നെ മുംബൈയിലടക്കം മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പുകളുമുണ്ട്. ഇരു ശിവസേനകൾക്കും ഏറെ പ്രധാനമാണ് ഈ വോട്ടെടുപ്പുകൾ. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രത്യേകിച്ചു മുംബൈയിലെ ഭരണം കിട്ടുക പ്രസ്റ്റീജ് വിഷയമാണ്. ഏഷ്യയിലെ ഏറ്റവും സമ്പത്തുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് ബിഎംസി. ശിവസേനയുടെ പ്രധാന പണ സ്രോതസ് തന്നെ മുംബൈയാണ്. ഇവിടെ നിയന്ത്രണം നഷ്ടപ്പെടുന്നത് ഉദ്ധവ് പക്ഷത്തിനു താങ്ങാനാവുന്നതാവില്ല. ചിഹ്നം പോയാലും "താക്കറെ' എന്ന പേര് തന്നിൽ നിന്നു മോഷ്ടിച്ചുകൊണ്ടുപോകാനാവില്ല എന്ന ആശ്വാസവാക്കുകൾ കഴിഞ്ഞ ദിവസങ്ങളിൽ ഉദ്ധവിൽ നിന്നുണ്ടായിട്ടുണ്ട്. ബാൽ താക്കറെയുടെ പേരിൽ മത്സരിക്കുന്ന രണ്ടു ശിവസേനകളിൽ ഏതിനെയാണ് ജനങ്ങൾ സ്വീകരിക്കുകയെന്നത് തെരഞ്ഞെടുപ്പിലേ അറിയാനാവൂ. തെരഞ്ഞെടുപ്പു കമ്മിഷന്‍റെ തീരുമാനം ആയുധമാക്കി ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റാനുള്ള നീക്കമാണ് ഉദ്ധവിന്‍റേതെന്നാണ് ഷിൻഡെ വിഭാഗം അവകാശപ്പെടുന്നത്. പാർട്ടിയിലെ ബഹുഭൂരിപക്ഷം ജനപ്രതിനിധികളും തങ്ങൾക്കൊപ്പമായതിനാൽ യഥാർഥ ശിവസേന തങ്ങളുടേതാണെന്ന തീർപ്പിൽ എന്ത് അപാകതയാണുള്ളതെന്നും അവർ ആരായുന്നുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com