
ചെന്നൈ: ജനസംഖ്യാ നിയന്ത്രണം ആദ്യം നടപ്പാക്കിയ തമിഴ്നാട് ഇപ്പോൾ അതിന്‍റെ അനന്തര ഫലങ്ങൾ അനുഭവിക്കുകയാണെന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. വിവാഹിതരാവുന്ന നവദമ്പതികൾ ഉടൻ തന്നെ കുട്ടികളെക്കുറിച്ച് ചിന്തിക്കണമെന്നും ഉദയനിധി പറഞ്ഞു. സമൂഹ വിവാഹത്തിൽ പങ്കെടുത്ത് സംസാരിക്കുകവെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
'2026 ൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ നമ്മൾ 200 ലധികം വോട്ടുകൾ നേടും. വിവാഹിതരാവുന്ന ദമ്പതികൾ ഉടൻ തന്നെ കുട്ടികൾക്ക് ജന്മം നൽകണമെന്നാണ് ഞാൻ അഭിപ്രായപ്പെടുന്നത്. ജനന നിരക്ക് നിയന്ത്രണം ആദ്യം നടപ്പാക്കിയ നമ്മുടെ സംസ്ഥാനം ഇപ്പോൾ അതിന്‍റെ ഫലം അനുഭവിക്കുകയാണ്.''- ഉദയനിധി പറഞ്ഞു.
സീറ്റുകൾ കുറഞ്ഞേക്കുമെന്ന ആശങ്കയിൽ തമിഴ്നാട്ടിൽ മുതിർന്ന നേതാക്കളെല്ലാം ജനങ്ങളോട് കുട്ടികൾക്ക് ജന്മം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. സമാനമായ ആവശ്യവുമായി മുഖ്യമന്ത്രി സ്റ്റാലിനും രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഉദയനിധിയും സമാനമായ പ്രസ്താവനയുമായി എത്തിയിരിക്കുന്നത്.