
നിബന്ധനകളിൽ വീഴ്ച; 54 യൂണിവേഴ്സിറ്റികൾക്ക് യുജിസി നോട്ടീസ്
ന്യൂഡൽഹി: യുജിസി നിയമത്തിലെ 13-ാം സെക്ഷൻ പ്രകാരമുള്ള നിബന്ധനകളിൽ വീഴ്ചവരുത്തിയ 54 സ്വകാര്യ യൂണിവേഴ്സിറ്റികൾക്ക് യുജിസിയുടെ താക്കീത്. നിർദേശങ്ങൾ അവഗണിച്ചാൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്നു ഈ സർവകലാശാലകൾക്ക് നോട്ടീസ് നൽകി. അസിം പ്രേംജി സർവകലാശാലയുൾപ്പെടെയുള്ളവയാണു ചട്ടം പാലിക്കുന്നതിൽ വീഴ്ച വരുത്തിയത്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങൾ പൊതുസഞ്ചയത്തിൽ പ്രസിദ്ധീകരിക്കണമെന്നു യുജിസി 2024 ജൂൺ 10നു മാർഗ നിർദേശം പുറപ്പെടുവിച്ചിരുന്നു. ലോഗിൻ അല്ലെങ്കിൽ രജിസ്ട്രേഷൻ ഇല്ലാതെ പൊതുജനങ്ങൾക്ക് പ്രധാന വിവരങ്ങൾ ലഭിക്കാൻ കഴിയുന്ന രീതിയിൽ സർവകലാശാലകൾക്ക് പ്രവർത്തനക്ഷമമായ വെബ്‌സൈറ്റുകളുണ്ടായിരിക്കണമെന്നും നിർദേശിച്ചിരുന്നു.
ഇതു പാലിക്കാത്തതിനാണ് മുന്നറിയിപ്പ്. സർവകലാശാലകൾ അവരുടെ രജിസ്ട്രാർ ഓഫിസ് വഴി സാക്ഷ്യപ്പെടുത്തിയ രേഖകൾക്കൊപ്പം വിശദമായ ഡേറ്റാ സമർപ്പിക്കാൻ യുജിസി നിർദേശിച്ചു.