ഉജ്ജയിനിൽ 12 വയസുകാരി ബലാത്സംഗത്തിനിരയായ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ; 3 പേർ കസ്റ്റഡിയിൽ

വീട്ടിൽ നിന്നും 700 കിലോ മീറ്റർ അകലെ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തുന്നത്.
സിസിടിവി ദൃശ്യങ്ങളിൽ നിന്ന്
സിസിടിവി ദൃശ്യങ്ങളിൽ നിന്ന്
Updated on

ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിനിൽ 12 വയസുകാരി ബലാത്സംഗത്തിനിരയായ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു. രാകേഷ് (38) എന്ന ഓട്ടോ ഡ്രൈവർ ആണ് അറസ്റ്റിലായത്.

ജീവന്‍ ഖേരിയിൽ നിന്നു കുട്ടിയെ ഇയാളുടെ ഓട്ടോയിൽ കയറിയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. കൂടാതെ ഇയാളുടെ ഓട്ടോറിക്ഷയിൽ രക്തത്തുള്ളികളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

രക്ത സാമ്പിൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് 3 പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിൽ ഒരാളും ഓട്ടോ ഡ്രൈവറാണെന്നാണ് റിപ്പോർട്ട്. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുവരികയാണെന്നും, ഇവരുടെ പേരുവിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും സത്ന എസ്പി സച്ചിൻ ശർമ്മ പറഞ്ഞു.

കഴിഞ്ഞ 25നായിരുന്നു സംഭവം. മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്ന് 15 കിലോമീറ്റർ അകലെ ബദ്നഗറിലാണു മനഃസാക്ഷിയെ ഉലയ്ക്കുന്ന സംഭവം. പീഡനത്തിനിരയായ ശരീരമാകെ മുറിവുകളുമായി പന്ത്രണ്ടുകാരി അർധനഗ്നയായി റോഡിലൂടെ സഹായം തേടി അലഞ്ഞു നടക്കുന്നതും വീടുകളുടെ വാതിലിൽ മുട്ടിയപ്പോൾ ആട്ടിപ്പായിക്കുന്നതിന്‍റേയും ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇൻഡോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നു തെളിഞ്ഞു.

ഒടുവിൽ സഹായത്തിനെത്തിയത് അടുത്തുള്ള ആശ്രമത്തിലെ പൂജാരിയാണ്. ശരീരത്തിലെ മുറിവുകൾ കണ്ട് പീഡിപ്പിക്കപ്പെട്ടതായി സംശയം തോന്നിയതിനാൽ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിദഗ്ധ ചികിത്സ ആവശ്യമുള്ളതിനാൽ പൊലീസ് ഇടപെട്ട് ഇൻഡോറിലേക്കു മാറ്റി. വീട്ടിൽ നിന്നും 700 കിലോ മീറ്റർ അകലെ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തുന്നത്. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചതായും ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായും സത്ന എസ്പി സച്ചിൻ ശർമ്മ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com