
ന്യൂഡൽഹി: ഇസ്രയേലിനു നേരേ കഴിഞ്ഞ ഏഴിനു ഹമാസ് നടത്തിയ ഭീകരാക്രമണത്തെ നേരിട്ട് അപലപിക്കാത്തതിനാലാണ് അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുന്ന യുഎൻ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നതെന്ന് ഇന്ത്യ. ഗാസയിലെ മാനുഷിക പ്രതിസന്ധിയിൽ ആശങ്കയുണ്ട്. പലസ്തീനോടുള്ള നിലപാടിൽ മാറ്റവുമില്ല. എന്നാൽ, ഭീകരതയുടെ കാര്യത്തിൽ ഒരു തരത്തിലുള്ള ഒഴിഞ്ഞുമാറലും അംഗീകരിക്കാനാവില്ലെന്നും വിദേശകാര്യ വൃത്തങ്ങൾ വ്യക്തമാക്കി.
ഇസ്രയേൽ- ഹമാസ് സംഘർഷത്തിൽ വെടിനിർത്തൽ ആവശ്യപ്പെട്ടു വെള്ളിയാഴ്ച ജോർദാനാണു യുഎന്നിൽ പ്രമേയം കൊണ്ടുവന്നത്. 120 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ 14 രാജ്യങ്ങൾ എതിർത്തു. ഇന്ത്യയുൾപ്പെടെ 45 രാജ്യങ്ങളാണു വിട്ടുനിന്നത്. ഇന്ത്യ വിട്ടുനിന്നതിനെതിരേ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തിയതിനിടെയാണു ഹമാസ് നടത്തിയ ആക്രമണത്തെക്കുറിച്ചു പ്രമേയം നിശബ്ദത പാലിച്ചുവെന്നു വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടിയത്. ഇസ്രയേല്‍-ഹമാസ് യുദ്ധത്തോടുള്ള ഐക്യരാഷ്ട്രസഭയുടെ ആദ്യ പ്രതികരണമാണ് വെള്ളിയാഴ്ച പാസാക്കിയ പ്രമേയം. ഗാസയ്ക്ക് അടിയന്തര സഹായമെത്തിക്കണമെന്നു പറയുന്ന പ്രമേയത്തിൽ ഹമാസ് നടത്തിയ ആക്രമണത്തെക്കുറിച്ചു നേരിട്ടു പരാമർശിക്കുന്നില്ല. പ്രധാന പ്രമേയം വോട്ടിനിടും മുൻപ് ഇതിൽ ഹമാസിനെക്കുറിച്ചു പരാമർശം വേണമെന്നാവശ്യപ്പെട്ടു ക്യാനഡ ഭേദഗതി അവതരിപ്പിച്ചിരുന്നു. ഇന്ത്യയുൾപ്പെടെ 88 രാജ്യങ്ങൾ ഭേദഗതിയെ പിന്തുണച്ചെങ്കിലും മൂന്നിൽ രണ്ടു ഭൂരിപക്ഷമില്ലാത്തതിനാൽ ഇതു പാസായില്ല.
ബന്ദികളുടെ മോചനത്തെക്കുറിച്ചു കൂടിയാണ് ഇന്ത്യയുടെ ആശങ്കയെന്ന് യുഎന്നിലെ ഇന്ത്യയുടെ ഉപപ്രതിനിധി യോജന പട്ടേൽ വ്യക്തമാക്കി. ഗാസയിലെ അത്യാഹിതത്തിൽ, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരപരാധികളുടെ ജീവൻ നഷ്ടമാകുന്നതിൽ ഇന്ത്യയ്ക്ക് ഗൗരവമേറിയ ആശങ്കയുണ്ട്. എന്നാൽ, പലസ്തീൻ വിഷയത്തിൽ നമ്മുടേത് സുസ്ഥിര നിലപാടുമാണ്- യോജന പട്ടേൽ പറഞ്ഞു. യുഎസ്, ഓസ്ട്രിയ, ക്രൊയേഷ്യ, ഫിജി, ഹംഗറി, ഇസ്രയേല്‍, മാര്‍ഷല്‍ ഐലൻഡ്, പാപ്പുവ ന്യൂ ഗിനിയ തുടങ്ങിയ രാജ്യങ്ങളാണ് പ്രമേയത്തോടു വിയോജിച്ചത്. ഇന്ത്യയ്ക്കു പുറമേ ഓസ്ട്രേലിയ, ക്യാനഡ, ഫിന്‍ലന്‍ഡ്, ഗ്രീസ്, ഇറാഖ്, ഇറ്റലി, ജപ്പാന്, നെതര്‍ലന്‍ഡ്സ്, ദക്ഷിണ കൊറിയ, സ്വീഡന്, ടുണീഷ്യ, യുക്രയ്ന്, യുകെ എന്നീ രാജ്യങ്ങളും വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു.
അതേസമയം, വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നതിനെതിരേ കോൺഗ്രസും ഇടതുപാർട്ടികളുമുൾപ്പെടെ പ്രതിപക്ഷം രംഗത്തെത്തി. ഇന്ത്യ ഇതേവരെ പിന്തുടർന്ന മൂല്യങ്ങൾക്കും നിലപാടിനും വിരുദ്ധമാണിതെന്ന് കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി വാദ്രയും കെ.സി. വേണുഗോപാലും ആരോപിച്ചു. ഇന്ത്യയുടെ വിദേശനയം ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ കുറ്റപ്പെടുത്തി. യുഎസിന്റെ സാമന്തരാജ്യമായി ഇന്ത്യയെ കേന്ദ്രസർക്കാർ മാറ്റുകയാണെന്നു സിപിഎമ്മും സിപിഐയും ആരോപിച്ചു.