തെരഞ്ഞെടുപ്പ് നേരത്തെയാക്കാനോ വൈകിക്കാനോ ആലോചനയില്ല: അനുരാഗ് ഠാക്കൂർ

പ്രത്യേക സമ്മേളനം വിളിച്ചു ചേർത്തതിനു പിന്നിൽ മറ്റു ചില വലിയ പദ്ധതികളുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
അനുരാഗ് ഠാക്കൂർ
അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിലൂടെ തെരഞ്ഞെടുപ്പു നേരത്തെയാക്കാനോ വൈകിക്കാനോ ആലോചനയില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ഇന്ത്യ ടുഡേയുമായി നടത്തിയ അഭിമുഖത്തിൽ പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. സെപ്റ്റംബർ 18 മുതൽ 5 ദിവസത്തേക്കാണ് സർക്കാർ പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിച്ചിരിക്കുന്നത്.

ഈ സർക്കാരിന്‍റെ കാലാവധി തികയും വരെയും ജനങ്ങളെ സേവിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം വിളിച്ചതിനു പിന്നാലെ ഒരു രാഷ്ട്രം ഒറ്റ തെരഞ്ഞെടുപ്പ് എന്ന പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ തുടരുകയാണ്. ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് പദ്ധതിക്കു വേണ്ടി ഒരു കമ്മിറ്റിയെ തെരഞ്ഞെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനു മുൻപ് വിപുലമായ ചർച്ചകൾ നടത്തും. മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി, ഗുലാം നബി ആസാദ്, എൻ.കെ. സിങ് ഭരണഘടനാ വിദഗ്ധൻ സുബാഷ് സി. കശ്യപ്, ഹരീഷ് സാൽവേ, സഞ്ജയ് കോത്താരി എന്നിവരാണ് കമ്മിറ്റിയിലുള്ളത്. പ്രത്യേക സമ്മേളനം വിളിച്ചു ചേർത്തതിനു പിന്നിൽ മറ്റു ചില വലിയ പദ്ധതികളുണ്ടെന്നും അതേക്കുറിച്ച് കൃത്യസമയത്ത് പാർലമെന്‍റ് കാര്യ മന്ത്രി വിശദീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പിന്‍റെ കമ്മിറ്റിയിൽ നിന്ന് പിന്മാറുമെന്ന പ്രഖ്യാപനത്തിൽ നിന്ന് അധിർ രഞ്ജൻ ചൗധരി പിന്മാറണമെന്നും അദ്ദേഹം കമ്മിറ്റിയിൽ ഉണ്ടായിരിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com