ജ്ഞാനേഷ് കുമാറിനെതിരായ പ്രതിഷേധം; വിദേശ പൗരൻ പങ്കെടുത്തത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാൻ

ബിഹാറിലെ പറ്റ്നയിൽ മാധ‍്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന
union minister chirag paswan against actor imran khan participation in protest against gyanesh kumar

ചിരാഗ് പാസ്വാൻ, ഇമ്രാൻ ഖാൻ

Updated on: 

പറ്റ്ന: മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ‍്യപ്പെട്ട് മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ പങ്കെടുത്തതിൽ വിമർശനവുമായി കേന്ദ്ര മന്ത്രി ചിരാഗ് പാസ്‌വാൻ.

ഏത് വിഷയത്തിനെതിരേയും പ്രതിഷേധിക്കാനുള്ള അവകാശം ഇന്ത‍്യൻ പൗരനുണ്ടെന്നും എന്നാൽ ഇത്തരം പ്രതിഷേധങ്ങളിൽ ഒരു വിദേശ പൗരൻ പങ്കെടുക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് കേന്ദ്രമന്ത്രി ബിഹാറിലെ പറ്റ്നയിൽ മാധ‍്യമപ്രവർത്തകരോട് സംസാരിക്കവെ വ‍്യക്തമാക്കിയത്.

ഇമ്രാൻ‌ ഖാനെയും അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങളും തനിക്ക് ഇഷ്ടമാണെന്നു പറഞ്ഞ കേന്ദ്രമന്ത്രി ഈ രാജ‍്യത്ത് ഇത്രയും നാൾ ജോലി ചെയ്തതുകൊണ്ട് മാത്രം ഒരാൾ ഇന്ത‍്യൻ പൗരനാകില്ലെന്ന് ഇമ്രാൻ ഖാൻ തിരിച്ചറിയേണ്ടതായിരുന്നുവെന്ന് കൂട്ടിച്ചേർത്തു. ഇന്ത‍്യൻ പൗരന്മാർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നത് ഞാൻ‌ ബഹുമാനിക്കുന്നു.

എന്നാൽ വിദേശ പൗരന്മാർ പങ്കെടുക്കുന്നത് ആശങ്കയുണ്ടാക്കുന്ന കാര‍്യമാണ്. കേന്ദ്ര സർക്കാരിന്‍റെ ഭാഗമെന്ന നിലയ്ക്ക് വിദേശ ശക്തികളുടെ പിന്തുണയോടെ രാജ‍്യത്ത് അരാജകത്വം സൃഷ്ടിക്കാൻ നടക്കുന്ന ശ്രമങ്ങളിൽ‌ എനിക്ക് ആശങ്കയുണ്ട്. ചിരാഗ് പാസ്വാൻ പറഞ്ഞു. സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തതിന്‍റെ പേരിൽ രാജ‍്യം വിടണമെന്ന് ആവശ‍്യപ്പെട്ട് ഇമ്രാൻ ഖാന് മുംബൈ പൊലീസ് അയച്ച നോട്ടീസിനെ സംബന്ധിച്ചുള്ള ചോദ‍്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു കേന്ദ്ര മന്ത്രി.

logo
Metro Vaartha
www.metrovaartha.com