രാസവളങ്ങളോടൊപ്പം നാനോ വളങ്ങളും ബയോസ്റ്റിമുലന്‍റ് ഉത്പന്നങ്ങളും നൽകുന്ന രീതി അവസാനിപ്പിക്കാൻ നിർദേശം: കേന്ദ്ര മന്ത്രി

കാർഷിക ഉത്പന്ന വിതരണ ശൃംഖലയിലെ ചൂഷണങ്ങളിൽനിന്ന് കർഷകരെ സംരക്ഷിക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതികളുടെ ഭാഗമായാണ് നീക്കം.
Shivraj Singh Chouhan orders to end practice of giving nano fertilizers and biostimulant products along with chemical fertilizers

കേന്ദ്ര കർഷക ക്ഷേമ വകുപ്പ് മന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ

Updated on

ന്യൂഡൽഹി: രാസവളങ്ങളോടൊപ്പം നാനോ വളങ്ങളും ബയോസ്റ്റിമുലന്‍റ് ഉത്പന്നങ്ങളും നിർബന്ധിതമായി നൽകുന്ന രീതി ഉടൻ അവസാനിപ്പിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കർശന നിർദേശം നൽകി കേന്ദ്ര കർഷക ക്ഷേമ വകുപ്പ് മന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ. കാർഷിക ഉത്പന്ന വിതരണ ശൃംഖലയിലെ ചൂഷണങ്ങളിൽനിന്ന് കർഷകരെ സംരക്ഷിക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതികളുടെ ഭാഗമായാണ് നീക്കം.

കർഷകർക്ക് ആവശ്യമില്ലെങ്കിൽ പോലും നാനോ വളങ്ങളും ബയോസ്റ്റിമുലന്‍റുകൾ പോലുള്ള അനുബന്ധ ഉത്പന്നങ്ങളും രാസവളങ്ങളോടൊപ്പം ചേർത്ത്‌ കർഷകരെ വാങ്ങാൻ നിർബന്ധിക്കുന്ന രീതിയാണ് നിർബന്ധിത ടാഗിങ്. ഇത്തരം രീതികൾ അധാർമികവും വളം നിയന്ത്രണ ഉത്തരവ് പ്രകാരം നിയമവിരുദ്ധവുമാണെന്ന് മന്ത്രി പറഞ്ഞു. ഇത് അനാവശ്യ സാമ്പത്തിക ഭാരം ഉണ്ടാക്കുകയും വിളകളുടെയും മണ്ണിന്‍റെയും ആവശ്യക്തകളെ അടിസ്ഥാനമാക്കി ആവശ്യമായ ഉത്പന്നങ്ങൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ലംഘിക്കുകയും ചെയ്യുന്നു.

ഏതെങ്കിലും നിർമാതാക്കൾ, വിതരണക്കാർ, ചില്ലറ വ്യാപാരികൾ നിർബന്ധിത ടാഗിങ് ഏർപ്പെടുത്തുന്നതായി കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുന്നതിനും എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതിനും മുഖ്യമന്ത്രിമാർക്ക് അയച്ച കത്തിൽ ചൗഹാൻ നിർദേശം നൽകി.

കർശനമായ പരിശോധനകളും നിരീക്ഷണവും നടത്താനും അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഉയർന്ന നിലവാരമുള്ളതും താങ്ങാവുന്ന വിലയിലുള്ളതുമായ വളങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും വ്യാജവും നിലവാരമില്ലാത്തതുമായ ഉത്പന്നങ്ങൾ വിപണിയിൽ നിന്ന് ഇല്ലാതാക്കുന്നതിനുമുള്ള കേന്ദ്ര സർക്കാരിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമാണ് ഈ നീക്കമെന്നും മന്ത്രി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com