''ഖാർഗെയുടെ തലയ്ക്ക് സുഖമില്ല''; മോദിക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷനെ വിമർശിച്ച് കേന്ദ്രമന്ത്രി ലാലൻ സിങ്

ഖാർഗെ രാഷ്ട്രീയ മര്യാദയുടെ എല്ലാ അതിരുകളും ആവർത്തിച്ച് ലംഘിക്കുകയാണെന്നും അദ്ദേഹത്തിന്‍റെ മാനസികനില ശരിയല്ലാതായെന്നും ലാലൻ സിങ് ആരോപിച്ചു
Union Minister Lalan Singh criticizes Congress President over remarks against Modi

മോദിക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷനെ വിമർശിച്ച് കേന്ദ്രമന്ത്രി ലാലൻ സിങ്

Updated on: 

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശങ്ങളുടെ പേരിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിങ് എന്ന ലാലൻ സിങ്. ഖാർഗെ രാഷ്ട്രീയ മര്യാദയുടെ എല്ലാ അതിരുകളും ആവർത്തിച്ച് ലംഘിക്കുകയാണെന്നും അദ്ദേഹത്തിന്‍റെ മാനസികനില ശരിയല്ലാതായെന്നും ലാലൻ സിങ് ആരോപിച്ചു.

പ്രധാനമന്ത്രി മോദി എവിടെയും പോകില്ലെന്ന് സദസിലുണ്ടായിരുന്ന ഒരാൾ പറഞ്ഞതിന് മറുപടിയായി ഖാർഗെ നടത്തിയ പരാമർശമാണ് വിവാദമായത്. പട്നയിൽ ബിഹാറിന്‍റെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ശ്രീകൃഷ്ണ സിങ്ങിന്‍റെ 139-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സംഭവം. വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്‌കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട ക്രമക്കേടുകൾ നടത്തിയവരെ കോൺഗ്രസ് ജയിലിലടയ്ക്കുമെന്ന ഖാർഗെയുടെ പ്രസ്താവനയോട് പ്രതികരിച്ചായിരുന്നു സദസിൽ നിന്ന് ഒരാൾ മോദിയെക്കുറിച്ച് പരാമർശം നടത്തിയത്. ഇതിന് മറുപടിയായി 'മോദിയുടെ അച്ഛനും പോകും' എന്ന അർഥത്തിലുള്ള പരാമർശമാണ് ഖാർഗെ നടത്തിയത്.

പാർലമെന്‍റ് മന്ദിര സമുച്ചയത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ലാലൻ സിങ് ഖാർഗെയെ വിമർശിച്ചത്. പ്രധാനമന്ത്രിക്കെതിരേ ഇത്രയും മുതിർന്ന രാഷ്ട്രീയ നേതാവ് ഇത്തരം ഭാഷ ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് അദ്ദേഹം ചോദിച്ചു. പ്രായത്തിന്‍റെ പ്രശ്നമാണോ അതോ മാനസികനില തകരാറിലായതാണോ ഇത്തരത്തിലുള്ള പ്രസ്താവനകൾക്ക് പിന്നിലെന്നും ലാലൻ സിങ് ചോദിച്ചു.

1974-ലെ പ്രക്ഷോഭകാലത്ത് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭരണത്തിനെതിരേ ജനങ്ങൾ പോരാടിയിരുന്നെങ്കിലും അവർക്കെതിരേ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചിരുന്നില്ലെന്ന് ജെഡിയു നേതാവായ ലാലൻ സിങ് ചൂണ്ടിക്കാട്ടി. കോൺഗ്രസ് നേതാക്കളും രാജ്യത്തിന്‍റെ പ്രധാനമന്ത്രിമാരായിരുന്നുവെന്നും രാഷ്ട്രീയ എതിർപ്പുകൾ പ്രകടിപ്പിക്കുമ്പോഴും മാന്യത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മോദിക്കെതിരായ കോൺഗ്രസിന്‍റെ തുടർച്ചയായ വിമർശനങ്ങളെയും ലാലൻ സിങ് ചോദ്യം ചെയ്തു. എസ്ഐആറിനെതിരേ രാഹുൽ ഗാന്ധി ദർഭംഗയിൽ നടത്തിയ റാലിക്കിടെ മോദിയുടെ അമ്മയെ അധിക്ഷേപിച്ചെന്നും പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയത്തിൽ മാന്യത നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഇത്തരം പെരുമാറ്റത്തിന്‍റെ പേരിൽ രാജ്യത്ത് അധികാരത്തിലെത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ലാലൻ സിങ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com