

ബിജെപി നേതാവ് കുൽദീപ് സെൻഗാറിന്‍റെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ചു
ലഖ്നൗ: ഉന്നാവോ ബലാത്സംഗക്കേസിൽ ബിജെപി നേതാവായ കുൽദീപ് സിങ് സെൻഗാറിന്‍റെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ചു. പിന്നാലെ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. ഡൽഹി ഹൈക്കോടതിയുടേതാണ് നടപടി. നേരത്തെ വിചാരണക്കോടതിയാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.
2017 ജൂൺ നാലിനാണ് കേസിന്‍റെ തുടക്കം. കുൽദീപ് സെൻഗാറും സഹായി ശശി സിങിന്‍റെ മകനും കൂട്ടുകാരും ചേർന്ന് തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നായിരുന്നു പെൺകുട്ടിയുടെ പരാതി.
സെൻഗാറിനെതിരേ തുടക്കത്തിൽ പൊലീസ് കേസെടുത്തിരുന്നില്ല. പരാതിയിൽ നിന്ന് പെൺകുട്ടിയെ പിന്തിരിപ്പിക്കാനും ശ്രമിച്ചു. കേസുമായി ബന്ധപ്പെട്ട നടപടികൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയുടെ പിതാവിനെ എംഎൽഎയുടെ സഹോദരൻ അടക്കമുള്ളവർ സംഘം ചേർന്ന് മർദിച്ചിരുന്നു. തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വീടിന് മുന്നിൽ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു.
തൊട്ടടുത്ത ദിവസം പെൺകുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയിൽ മരണപ്പെട്ടു. സെൻഗാറിനെതിരേ പീഡനക്കേസിന് പുറമെ ഇരയുടെ കുടുംബത്തെ വധിക്കാൻ ശ്രമിച്ചെന്ന കേസ് കൂടി വന്നതോടെ ഇയാളെ ബിജെപിയിൽ നിന്ന് പുറത്താക്കി.