"ഞാൻ പ്രസംഗിച്ച വേദിയിൽ ബിജെപി ശുദ്ധികലശം നടത്തി"; ദളിതർക്ക് ഈ രാജ്യത്ത് ഒരു സ്ഥാനവുമില്ലെയെന്ന് മല്ലികാർജുൻ ഖാർഗെ

"ഞാനൊരു പട്ടികജാതിക്കാരനും ദളിതനുമാണ്. എന്ന് വച്ച് ആരോടും ഞാൻ തന്നെ സംരക്ഷിക്കാൻ പറഞ്ഞിട്ടില്ല, പക്ഷേ ഇത് അംഗീകരിക്കാനാവില്ല"
untouchability alligation mallikarjun kharge

മല്ലികാർജുൻ ഖാർഗെ

Updated on

ന്യൂഡൽ‌ഹി: ഉത്തരാഖണ്ഡിലെ രാംലീല മൈതാനിയില്‍ തന്‍റെ പ്രസംഗത്തിനു പിന്നാലെ ഹിന്ദുസംഘടന ശുദ്ധികലശം നടത്തിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഈ രാജ്യത്ത് ദളിതർക്ക് ഒരു സ്ഥാനവുമില്ലെയെന്ന് ചോദിച്ച ഖാർഗെ ഹിന്ദു സംഘടനകൾ മതത്തിന്‍റെ പേരിൽ ഭിന്നിപ്പ് നടത്തുകയാണെന്നും ആരോപിച്ചു.

'അന്ന് അവിടെ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത റാലിയാണ് നടന്നത്. അവിടെ പ്രസംഗത്തിൽ ഒരു മതത്തെക്കുറിച്ചോ വിഭാഗങ്ങളെക്കുറിച്ചോ സംസാരിച്ചിട്ടില്ല. സർക്കാരിന്‍റെ പ്രശ്നങ്ങളെക്കുറിച്ച് മാത്രമാണ് പറഞ്ഞത്.

ഈ രാജ്യത്ത് ദളിതർക്ക് ഒരിടവുമില്ലേ? അവിടെ ഹോമം നടത്തേണ്ട ആവശ്യമെന്താണ്. രാംലീല മൈതാനിയിൽ എല്ലാ പാർട്ടികളും പൊതുയോഗങ്ങൾ വിളിക്കാറുള്ളതാണ്. എന്നാൽ അവർ ചെയ്തത് ഹിന്ദുമതങ്ങൾക്ക് തന്നെ എതിരാണ്. ഭിന്നിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഇത് ജനാധിപത്യത്തിന് ചേരുന്നതാണോ. ഇങ്ങനെയുള്ളവർ എങ്ങനെയാണ് ഭരണഘടനയെ സംരക്ഷിക്കുന്നത്? ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യമാണിത്', ഖാർഗെ വ്യക്തമാക്കി.

താനിതൊരു രാഷ്ട്രീയ വിഷയമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഖാർഗെ പറഞ്ഞു. കാലങ്ങളായി താൻ ഈ സഭയിലുള്ള ആളാണ്. താനൊരു പട്ടികജാതിക്കാരനും ദളിതനുമാണ്. എന്ന് വച്ച് ആരോടും താൻ തന്നെ സംരക്ഷിക്കാൻ പറഞ്ഞിട്ടില്ലെന്നും എന്നാൽ തൊട്ടു കൂടായ്മ വച്ച് ശുദ്ധികലശം ചെയ്ത് അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി.

അതേസമയം, ഈ വിഷയത്തെ അപലപിച്ച് കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ രംഗത്തെത്തി. ഇത് ചെയ്തത് ബിജെപി പ്രവർത്തകരല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇത്തരം പ്രവർത്തികൾ പാർട്ടി അംഗീകരിക്കില്ലെന്നും വികാരം വ്രണപ്പെട്ടതിൽ ഖേദമുണ്ടെന്നും വ്യക്തമാക്കി. വിഷയം ദേശീയ അധ്യക്ഷൻ അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com