ഫ്രഞ്ച് കലാപവും ഇന്ത്യയിലെ പ്രക്ഷോഭവുമായി ബന്ധം

പ്രക്ഷോഭങ്ങൾക്കു പിന്നിൽ അന്താരാഷ്‌ട്ര ശൃംഖലയെന്ന് യുഎസ് മാധ്യമം
French student rioters waving foreign flags

വിദേശ പതാകകളേന്തിയ ഫ്രഞ്ച് വിദ്യാർഥി കലാപകാരികൾ 

Updated on: 

പ്രക്ഷോഭം നടത്തുന്നത് 9 രാജ്യങ്ങളിലായി 101 സംഘടനകളുടെ ശൃംഖല

ന്യൂഡൽഹി: ഫ്രാൻസിലെ കലാപങ്ങളും മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്ത്യയിൽ നടക്കുന്ന യുവജന പ്രതിഷേധങ്ങളും തമ്മിൽ ബന്ധമുണ്ടെന്നു യുഎസ് മാധ്യമം ഫോക്സ് ന്യൂസ്. ഇസ്‌ലാമിക, കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾ കൈകോർക്കുന്ന അന്താരാഷ്‌ട്ര ശൃംഖലയാണ് (റെഡ്-ഗ്രീൻ പ്രൊട്ടസ്റ്റ് ഇക്കോസിസ്റ്റം) ഇത്തരം പ്രതിഷേധങ്ങൾക്കു പിന്നിലെന്നു ഫോക്സ് ന്യൂസ് സീനിയർ എഡിറ്റർ അസ്ര നൊമാനിയുടെ റിപ്പോർട്ടിൽ പറയുന്നു. യുഎസ് ഉൾപ്പെടെ ഒമ്പതു രാജ്യങ്ങളിലായി 101 സംഘടനകൾ ഈ ശൃംഖലയുടെ ഭാഗമാണ്. ഇവ യൂറോപ്പിലെയും ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളിലെയും പ്രതിഷേധങ്ങളെ ഏകോപിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നും ഫോക്സ് ന്യൂസിന്‍റെ ഡിജിറ്റൽ അന്വേഷണ റിപ്പോർട്ട്.

""ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന "ഇന്ത്യൻ അലയൻസ് പാരിസ്' (ഐഎപി) എന്ന സംഘടനയാണു ഫ്രഞ്ച്-ഇന്ത്യൻ പ്രതിഷേധ സന്ദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന പ്രധാന കണ്ണി. മാൻഹട്ടനിലെ "പീപ്പിൾസ് ഫോറവുമായി' ഈ സംഘടന സഹകരിക്കുന്നുണ്ട്. കൂടാതെ, പാരിസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഐഎപി സെക്രട്ടറിയും ഇന്ത്യൻ വംശജനുമായ ജോയ് ബാനർജി മുൻ സിജിടി യൂണിയൻ പ്രതിനിധിയും ഫ്രഞ്ച് കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള വ്യക്തിയുമാണെന്ന് "ഡിസ്‌ഇൻഫൊലാബ്' എക്സ് പ്ലാറ്റ്‌ഫോമിൽ വ്യക്തമാക്കിയിട്ടുണ്ട്''-റിപ്പോർട്ടിൽ പറയുന്നു.

അന്താരാഷ്‌ട്ര മുതലാളിത്ത വിരുദ്ധ സംഘടനയായ "പ്രോഗ്രസീവ് ഇന്‍റർനാഷണൽ' (പിഐ) കഴിഞ്ഞ 16ന് പുറത്തിറക്കിയ റിപ്പോർട്ടിൽ ഫ്രാൻസ്, സ്പെയ്ൻ‌, ഇന്ത്യ, അൽബേനിയ എന്നിവിടങ്ങളിലെ പ്രതിഷേധങ്ങളെ ഒരുമിച്ച് പരാമർശിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രതിഷേധങ്ങൾക്ക് പിഐ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഷാങ്ഹായിയിൽ താമസിക്കുന്ന അമെരിക്കൻ വംശജനായ ടെക് വ്യവസായി നെവിൽ റോയ് സിംഗത്തിന്‍റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന "ബ്രേക്ക്ത്രൂ ന്യൂസ്', "കോഡ്പിങ്ക്', "പാർട്ടി ഫൊർ സോഷ്യലിസം ആൻഡ് ലിബറേഷൻ' തുടങ്ങിയ കമ്യൂണിസ്റ്റ് അനുകൂല സംഘടനകളും യൂറോപ്പിലെ പ്രക്ഷോഭങ്ങൾക്ക് പിന്തുണയും പ്രചാരണവും നൽകുന്നുണ്ടെന്നും നൊമാനിയുടെ റിപ്പോർട്ടിൽ പറയുന്നു.

ബ്രേക്ക്ത്രൂ ന്യൂസിന് കഴിഞ്ഞ14ന് നൽകിയ അഭിമുഖത്തിൽ കോഡ്പിങ്ക് സഹസ്ഥാപകയും നെവിൽ സിംഗത്തിന്‍റെ ഭാര്യയുമായ ജോഡി ഇവാൻസ്, "ആളുകൾ ഫ്രാൻസിലേക്കും സ്പെയ്‌നിലേക്കും ഇന്ത്യയിലേക്കും നോക്കണമെന്നും, നമ്മൾ എവിടെയാണെന്നും എന്തുകൊണ്ടാണ് തെരുവിലിറങ്ങാത്തതെന്നും ചോദിക്കണമെന്നും' ആഹ്വാനം ചെയ്തിരുന്നു. അന്താരാഷ്‌ട്ര തലത്തിൽ ഇത്തരം പ്രതിഷേധങ്ങൾ ഒരേ ശൃംഖലയുടെ കീഴിൽ ആസൂത്രിതമായി നടപ്പാക്കപ്പെടുന്നതിന്‍റെ തെളിവാണിതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സിജെപിയുടെ സമരത്തിനു പിന്നിൽ വിദേശ ഇടപെടലുണ്ടെന്നു ബിജെപി ഉൾപ്പെടെ ആരോപിക്കുന്നതിനിടെയാണ് ഫോക്സ് ന്യൂസിന്‍റെ വെളിപ്പെടുത്തൽ.

മൂന്നിലൊന്നു വിദ്യാർഥി സംഘടനകൾ

കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ, തൊഴിലാളി യൂണിയനുകൾ, വിദ്യാർഥി സംഘടനകൾ, അഭിഭാഷക ശൃംഖലകൾ, മാധ്യമങ്ങൾ തുടങ്ങി അന്താരാഷ്‌ട്ര "പ്രതിഷേധ ആവാസവ്യവസ്ഥ' യൂറോപ്പിലും ഇന്ത്യയുൾപ്പെടെ ലോകരാജ്യങ്ങളിലും നടക്കുന്ന പ്രതിഷേധങ്ങളെ ഏകോപിപ്പിക്കുകയും സംഘടിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ശൃംഖലയിലെ 101 സംഘടനകളിൽ 33 എണ്ണം വിദ്യാർഥികളോ യുവാക്കളോ നയിക്കുന്നവയാണ്. ഫ്രാൻസിന് പുറമെ യുഎസ്, യുകെ, ഗ്രീസ്, ബ്രസീൽ, ഇന്ത്യ രാജ്യങ്ങളിലേക്കും പടർന്നതാണ് ഈ ശൃംഖല. ഇവർ അനുഭാവികളെ സംഘടിപ്പിച്ച് പണിമുടക്കുകൾക്ക് ആഹ്വാനം ചെയ്യുന്നു. ഇത് അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ വൻതോതിൽ പ്രചരിപ്പിക്കും. വിദ്യാഭ്യാസ ആവശ്യങ്ങൾക്കു വേണ്ടിയായിരുന്നു തുടക്കം. പിന്നീടു മുതലാളിത്തം, സാമ്പത്തിക നിയന്ത്രണങ്ങൾ, പൊലീസിങ്, സൈനിക ചെലവുകൾ, ഇസ്രയേൽ വിഷയം തുടങ്ങിയ വിശാലമായ രാഷ്ട്രീയ ലക്ഷ്യങ്ങളിലേക്ക് തിരിയുകയായിരുന്നു

logo
Metro Vaartha
www.metrovaartha.com