

യുപി നിയമസഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസ്-എസ്‌പി ആദ്യ സീറ്റ് വിഭജന ചർച്ച
ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തമ്മിലുള്ള ആദ്യ ഔദ്യോഗിക ചർച്ച തിങ്കളാഴ്ച ഡൽഹിയിൽ നടക്കും. 403 നിയമസഭാ സീറ്റുകളിൽ നൂറിലധികം സീറ്റുകളാണ് കോൺഗ്രസ് ആവശ്യപ്പെടുന്നതെന്നാണ് റിപ്പോർട്ട്. ഇതിൽ വിജയസാധ്യതയുള്ള 55-60 എ ഗ്രേഡ് സീറ്റുകൾ ഉറപ്പാക്കാനാണ് പാർട്ടിയുടെ നീക്കം.
കോൺഗ്രസ് എംപി പ്രമോദ് തിവാരിയുടെ വസതിയിൽ ഉച്ചയ്ക്ക് 12നാണ് ചർച്ച ആരംഭിക്കുക. രണ്ട് ദിവസം നീളുന്ന യോഗത്തിൽ ഇരുപാർട്ടികളിൽ നിന്നും നാല് വീതം നേതാക്കൾ പങ്കെടുക്കും.
കോൺഗ്രസ് സംഘത്തിൽ യുപിയുടെ ചുമതലയുള്ള രാജേന്ദ്ര പാൽ ഗൗതം, സംസ്ഥാന അധ്യക്ഷ അരാധന മിശ്ര, സംസ്ഥാന വർക്കിങ് അധ്യക്ഷൻ ഇമ്രാൻ മസൂദ്, നിയമസഭാ കക്ഷി നേതാവ് വീരേന്ദ്ര ചൗധരി എന്നിവർ പങ്കെടുക്കും. സമാജ്‌വാദി പാർട്ടിയെ പ്രതിനിധീകരിച്ച് ജനറൽ സെക്രട്ടറി രാംഗോപാൽ യാദവ്, സംസ്ഥാന അധ്യക്ഷൻ ശ്യാംലാൽ പാൽ, എംപിമാരായ രാജീവ് റായ്, ഇഖ്റ ഹസൻ എന്നിവരും പങ്കെടുക്കും.
പ്രിയങ്ക ഗാന്ധി യോഗത്തിൽ പങ്കെടുക്കില്ല. ചർച്ചകൾക്ക് പിന്നിൽ നിന്ന് നേതൃത്വം നൽകുകയാണ് അവർ ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. ആദ്യ യോഗത്തിൽ സീറ്റുകളുടെ അന്തിമ എണ്ണം സംബന്ധിച്ച് തീരുമാനമുണ്ടാകില്ല. കോൺഗ്രസ് മത്സരിക്കാൻ ആഗ്രഹിക്കുന്ന മണ്ഡലങ്ങളായിരിക്കും പ്രധാനമായും ചർച്ച ചെയ്യുക.
കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന മണ്ഡലങ്ങളിൽ വിജയസാധ്യത എത്രത്തോളമുണ്ടെന്നും അതിനുള്ള തെരഞ്ഞെടുപ്പ് തന്ത്രം എന്താണെന്നും സമാജ്‌വാദി പാർട്ടി വിശദീകരണം തേടും. തുടർന്ന് പാർട്ടി ആഭ്യന്തര ചർച്ചകൾ നടത്തി അടുത്ത യോഗത്തിൽ നിലപാട് അറിയിക്കും.
60 എ ഗ്രേഡ് സീറ്റുകൾ ലക്ഷ്യം
403 സീറ്റുകളിൽ നൂറിലധികം സീറ്റുകൾ ആവശ്യപ്പെടാനാണ് കോൺഗ്രസിന്‍റെ നീക്കം. ഇതിൽ 55-60 സീറ്റുകൾ എ ഗ്രേഡ് വിഭാഗത്തിൽപ്പെടുന്നവയാണ്. ഈ മണ്ഡലങ്ങളിൽ വിജയസാധ്യത കൂടുതലാണെന്നാണ് കോൺഗ്രസിന്‍റെ വിലയിരുത്തൽ. എന്നാൽ ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള 40-45 സീറ്റുകൾ നൽകാനായിരിക്കും സമാജ്‌വാദി പാർട്ടി ശ്രമിക്കുന്നതെന്നാണ് വിവരം.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുമായി സഖ്യത്തിലായിരുന്ന കോൺഗ്രസ് യുപിയിലെ 80 സീറ്റുകളിൽ 17 ഇടത്താണ് മത്സരിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ 85ലധികം സീറ്റുകൾ ലഭിക്കണമെന്നാണ് കോൺഗ്രസിന്‍റെ കണക്കുകൂട്ടൽ.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി കോൺഗ്രസിന് 105 സീറ്റുകൾ നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് നൂറ് സീറ്റെന്ന ആവശ്യത്തിൽ കോൺഗ്രസ് ഉറച്ചുനിൽക്കുന്നത്.
ദലിത്, മുസ്‌ലിം, ബ്രാഹ്മണ വോട്ടുകൾക്ക് സ്വാധീനമുള്ള മണ്ഡലങ്ങൾക്കാണ് കോൺഗ്രസ് മുൻഗണന നൽകുന്നത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിന് പിന്നിലായതോ മുന്നിലെത്തിയതോ ആയ മണ്ഡലങ്ങളും പട്ടികയിലുണ്ട്.