യുപി തെരഞ്ഞെടുപ്പ്; കോൺഗ്രസ്-സമാജ്‌വാദി പാർട്ടി സീറ്റ് വിഭജന ചർച്ച 15 മിനിറ്റിൽ അവസാനിച്ചു

403 നിയമസഭാ മണ്ഡലങ്ങളിൽ നൂറിലധികം സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കാൻ ആഗ്രഹിക്കുന്നത്
UP Election: Congress-Samajwadi Party seat-sharing talks concluded in 15 minutes.

യുപി തെരഞ്ഞെടുപ്പ്: കോൺഗ്രസ്-സമാജ്‌വാദി പാർട്ടി സീറ്റ് വിഭജന ചർച്ച 15 മിനിറ്റിൽ അവസാനിച്ചു

Updated on: 

ന്യൂഡൽഹി: 2027ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾക്കായി കോൺഗ്രസും സമാജ്‌വാദി പാർട്ടിയും നടത്തിയ ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച വെറും 15 മിനിറ്റിനുള്ളിൽ അവസാനിച്ചു. കോൺഗ്രസിന് 60 എ ഗ്രേഡ് സീറ്റുകൾ വേണമെന്ന ആവശ്യവും സമാജ്‌വാദി പാർട്ടിയുടെ നിബന്ധനകളുമാണ് ചർച്ചയിലെ പ്രധാന വിഷയങ്ങൾ. കോൺഗ്രസ് എംപി പ്രമോദ് തിവാരിയുടെ വസതിയിലായിരുന്നു തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് കൂടിക്കാഴ്ച നടന്നത്.

403 നിയമസഭാ മണ്ഡലങ്ങളിൽ നൂറിലധികം സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കാൻ ആഗ്രഹിക്കുന്നത്. ഇതിൽ വിജയസാധ്യതയുള്ള 55 മുതൽ 60 വരെ എ ഗ്രേഡ് സീറ്റുകൾ വേണമെന്നാണ് ആവശ്യം. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നിലെത്തിയതോ നേരിയ വോട്ടിന് പിന്നിലായതോ ആയ നിയമസഭാ മണ്ഡലങ്ങളാണ് പാർട്ടി പ്രധാനമായും ലക്ഷ്യമിടുന്നത്. ദളിത്, മുസ്‌ലിം, ബ്രാഹ്മണ വിഭാഗങ്ങളുടെ വോട്ടുകൾ നിർണായകമായ മണ്ഡലങ്ങളിലും കോൺഗ്രസ് അവകാശവാദമുന്നയിക്കും.

എന്നാൽ സീറ്റുകളുടെ എണ്ണത്തേക്കാൾ വിജയസാധ്യതയ്ക്കാണ് പ്രാധാന്യമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് മുന്നോട്ടുവച്ച മണ്ഡലങ്ങളിൽ വിജയിക്കാൻ സ്വീകരിക്കുന്ന തന്ത്രം വിശദീകരിക്കണമെന്ന് സമാജ്‌വാദി പാർട്ടി ആവശ്യപ്പെടുമെന്നാണ് വിവരം. കോൺഗ്രസിന്‍റെ നിർദേശങ്ങളും അവകാശവാദങ്ങളും പരിശോധിച്ചശേഷം പാർട്ടി ആഭ്യന്തര ചർച്ചകൾ നടത്തും.

സഹാറൻപൂർ ദേഹത്, ബെഹത്, അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ സീറ്റ് വിഭജനവും ഇരുപാർട്ടികൾക്കിടയിൽ തർക്കത്തിന് ഇടയാക്കിയേക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങളിൽ സമാജ്‌വാദി പാർട്ടിയാണ് വിജയിച്ചത്. സഹാറൻപൂരിലെ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസ് നേതാവ് ഇമ്രാൻ മസൂദ് അവകാശവാദമുന്നയിച്ചിട്ടുണ്ട്. അമേഠിയും റായ്ബറേലിയും ഗാന്ധി കുടുംബത്തിന്‍റെ രാഷ്ട്രീയ പ്രാധാന്യവുമായി ബന്ധപ്പെട്ട മണ്ഡലങ്ങളാണ്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും നവംബർ 16ന് പ്രാഥമിക ചർച്ച നടത്തിയിരുന്നു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തുടർചർച്ചകൾക്കായി ഇരുപാർട്ടികളും വീണ്ടും യോഗം ചേരും.