
"നീ എന്‍റേതല്ലാ എങ്കിൽ.."; വിവാഹത്തിനു ദിവസങ്ങൾ മാത്രം, യുവതിക്കു നേരെ ആസിഡ് ആക്രമണം
representative image
ലഖ്നൗ: വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ യുവതിക്കു നേരെ നേരെ ആസിഡ് ആക്രമണം. റീമ (25) എന്ന യുവതിക്കു നേരെയായിരുന്നു ആക്രമണം. സംഭവത്തിനു ശേഷം ഒളിവിൽ പോയ റാം ജനം സിങ് പട്ടേൽ എന്നയാളെയും ഇയാളുടെ സുഹൃത്തുക്കളെയും പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.
ഉത്തർ പ്രദേശിലെ മാവു ജില്ലയിലുള്ള അസംഗഡിലാണ് സംഭവം. പട്ടേലും യുവതിയും തമ്മിൽ സൗഹൃദത്തിലായിരുന്നു. എന്നാൽ, അടുത്തിടെ മറ്റൊരാളുമായി യുവതിയുടെ വിവാഹം നിശ്ചയിച്ചതറിഞ്ഞ ഇയാൾ പെൺകുട്ടിയുടെ വിവാഹത്തിൽ എതിർപ്പു കാണിച്ചു. മെയ് 27നായിരുന്നു യുവതിയുടെ വിവഹാം നിശ്ചയിച്ചിരുന്നത്.
വ്യാഴാഴ്ച ബാങ്കിൽ നിന്നും പണമെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ഇയാളും മറ്റു രണ്ടുപേരും ബൈക്കിൽ വന്ന് വഴിയിൽ തടഞ്ഞു നിർത്തി മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.
"നീ എന്‍റേതല്ല എങ്കിൽ, നീ മറ്റാരുടെയും ആകില്ല" എന്ന് ആക്രോശിച്ചായിരുന്നു ആസിഡ് ആക്രമണം. ആക്രമണത്തിൽ 60 ശതമാനം പൊള്ളലേറ്റ യുവതിയുടെ മുഖത്തിനും കഴുത്തിനും കൈയ്ക്കും ഗുരുതര പൊള്ളലേറ്റതായാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.