ഹിന്ദി അറിയില്ലെങ്കിൽ പഠിപ്പിക്കാമെന്ന് യുപി എംഎൽഎ; കേരളത്തിൽ നിന്നുള്ള മന്ത്രിമാരും എംഎൽഎമാരും ഇറങ്ങിപ്പോയി

മൈക്ക് ആവശ്യപ്പെട്ടിട്ടും സംഘാടകർ അനുവദിച്ചില്ലെന്നും ക്ലാസുകളിലെ സ്ലൈഡുകൾ പൂർണമായും ഹിന്ദിയിലായിരുന്നുവെന്നും മന്ത്രി കെ.എ. തുളസി പറഞ്ഞു.
UP MLA offers to teach Hindi if unknown; Ministers and MLAs from Kerala walk out

ഹിന്ദി അറിയില്ലെങ്കിൽ പഠിപ്പിക്കാമെന്ന് യുപി എംഎൽഎ; കേരളത്തിൽ നിന്നുള്ള മന്ത്രിമാരും എംഎൽഎമാരും ഇറങ്ങിപ്പോയി

Updated on

ന്യൂഡൽഹി: ദേശീയ വനിതാ കമ്മിഷൻ സംഘടിപ്പിച്ച പരിശീലന ശിൽപ്പശാലയിൽ നിന്നു കേരളത്തിലെ മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും ഉൾപ്പെടെ വനിതാ എംഎൽഎമാർ ഇറങ്ങിപ്പോയി. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതിലും വനിതാ സംവരണ ബിൽ ഉൾപ്പെടെ വിഷയങ്ങളിൽ ചർച്ചകൾക്ക് അവസരം നൽകാത്തതിലും പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണം.

ദേശീയതലത്തിലുള്ള പരിപാടിയിൽ പൂർണമായും ഹിന്ദി മാത്രം ആശയവിനിമയ മാധ്യമമാക്കിയതിനെ കേരളത്തിലെ പ്രതിനിധികൾ ചോദ്യം ചെയ്തതും ഹിന്ദി അറിയില്ലെങ്കിൽ മലയാളി ജനപ്രതിനിധികളെ പഠിപ്പിക്കാമെന്ന് ഉത്തർപ്രദേശിൽ നിന്നുള്ള എംഎൽഎ വെല്ലുവിളിച്ചതുമാണു തർക്കങ്ങൾക്ക് തുടക്കമിട്ടത്.

വനിതാ സംവരണ ബിൽ പാസാക്കുന്ന പശ്ചാത്തലത്തിൽ കൃത്യമായ ചർച്ചകളും ഡിബേറ്റുകളും വേണമെന്ന് കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികൾ ആവശ്യപ്പെട്ടെങ്കിലും, ചർച്ചകൾ ഇവിടെയല്ല നടക്കേണ്ടതെന്ന നിലപാടാണ് കമ്മിഷൻ അധ്യക്ഷ സ്വീകരിച്ചതെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ഇതിനെതിരെ അഭിപ്രായങ്ങൾ ഉന്നയിക്കാൻ ശ്രമിച്ചപ്പോൾ ഉത്തരേന്ത്യൻ എംഎൽഎമാർ 'ജയ്ശ്രീ രാം', 'ഭാരത് മാതാ കീ ജയ്' തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി ബഹളമുണ്ടാക്കുകയായിരുന്നുവെന്ന് മന്ത്രി ബിന്ദു കൃഷ്ണ കുറ്റപ്പെടുത്തി.

സംസാരിക്കാൻ പലതവണ മൈക്ക് ആവശ്യപ്പെട്ടിട്ടും സംഘാടകർ അനുവദിച്ചില്ലെന്നും ക്ലാസുകളിലെ സ്ലൈഡുകൾ പൂർണമായും ഹിന്ദിയിലായിരുന്നുവെന്നും മന്ത്രി കെ.എ. തുളസി പറഞ്ഞു.

ആദ്യദിനം പരാതിപ്പെട്ടപ്പോൾ പരിഹരിക്കാമെന്ന് ഉറപ്പുനൽകിയെങ്കിലും രണ്ടാം ദിവസവും ഹിന്ദിയിൽത്തന്നെയാണ് സ്ലൈഡുകൾ അവതരിപ്പിച്ചത്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ജനപ്രതിനിധികളെ ഉൾക്കൊള്ളുന്ന രീതിയിൽ പരിപാടിയുടെ മൊഡ്യൂൾ തയാറാക്കാത്തതിലുള്ള അതൃപ്തിയും പ്രതിനിധികൾ യോഗത്തിൽ വ്യക്തമാക്കി. കേരളത്തിലെ ജനപ്രതിനിധികൾ പ്രതിഷേധം ഉയർത്തിയതോടെ ഹിന്ദി സംസാരിക്കാത്ത മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വനിതാ ജനപ്രതിനിധികളും ഇവർക്ക് പിന്തുണയുമായി രംഗത്തെത്തിയെന്നും അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത്രയും പ്രതിഷേധങ്ങൾ അരങ്ങേറിയിട്ടും വനിതാ കമ്മിഷൻ ചെയർപെഴ്‌സൺ നിശബ്ദത പാലിച്ചതിലും മന്ത്രിമാർ അമർഷം രേഖപ്പെടുത്തി.

എംഎൽഎമാരായ ഉഷാ വിജയൻ, കെ.കെ. രമ, ഉമ തോമസ്, വിദ്യാ ബാലകൃഷ്ണൻ, ഫാത്തിമ തെഹ്‌ലിയ എന്നിവരും ശിൽപ്പശാലയിൽ പങ്കെടുത്തിരുന്നു. വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും എത്തിയതെങ്കിലും, കേന്ദ്ര അജൻഡ മാത്രം നടപ്പാക്കുന്ന ഒരു സംവിധാനമായി വനിതാ കമ്മിഷൻ മാറിയെന്ന് ജനപ്രതിനിധികൾ ആരോപിച്ചു. അഭിപ്രായങ്ങളെ മുദ്രാവാക്യങ്ങൾ കൊണ്ട് നേരിടാനും എല്ലാവരെയും ഉൾക്കൊള്ളാൻ വിസമ്മതിക്കാനുമാണ് സംഘാടകർ തയാറായതെന്നും, കടുത്ത നിരാശയോടെയും പ്രതിഷേധത്തോടെയുമാണ് മടങ്ങുന്നതെന്നും കേരളത്തിൽ നിന്നുള്ള സംഘം വ്യക്തമാക്കി.

ഫരീദാബാദിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർല ഉദ്ഘാടനം ചെയ്ത ദ്വിദിന ശിൽപ്പശാലയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുന്നൂറ്റമ്പതിലധികം ജനപ്രതിനിധികളാണ് പങ്കെടുത്തത്.

logo
Metro Vaartha
www.metrovaartha.com